പിഎം ശ്രീയെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി. പി എം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യത്തോട്, മാധ്യമപ്രവര്‍ത്തകനായിട്ട് എത്രകാലമായി എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സിപിഐഎം പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലാണ് മുഖ്യമന്ത്രി. യോഗത്തില്‍ പിഎം ശ്രീ വിഷയം ചര്‍ച്ചയായോ എന്നായിരുന്നു ചോദ്യം. വിവാദത്തിന് ശേഷമുള്ള ആദ്യ പിബി യോഗത്തിന്റെ ഉച്ചഭക്ഷണ ഇടവേളയിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസമായിരുന്നു പി എം ശ്രീ കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനം അറിയിച്ച് കേരളം കേന്ദ്രത്തിന് കത്തയച്ചത്. മന്ത്രിമാരായ കെ രാജനും പി പ്രസാദും മന്ത്രിസഭാ യോഗത്തിന് മുമ്പ് മുഖ്യമന്ത്രിയെ കണ്ട് കത്ത് വൈകുന്നതിലുള്ള അത്യപ്തി അറിയിച്ചിരുന്നു. മന്ത്രിസഭ ഉപസമിതി റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍ തീരുമാനം കേന്ദ്രത്തെ അറിയിക്കാമെന്ന് കത്തില്‍ പറയുന്നു.



