ഒടുവിൽ ധാരണയായി…എ വി ഗോപിനാഥ് ഇനി എല്‍ഡിഎഫിനൊപ്പം…

മുന്‍ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥ് ഇനി എല്‍ഡിഎഫിനൊപ്പം. അദ്ദേഹം നേതൃത്വം നല്‍കുന്ന സ്വതന്ത്ര ജനാധിപത്യ മുന്നണിയും (ഐഡിഎഫ്) സിപിഎമ്മും തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിയായി മത്സരിക്കാന്‍ ധാരണയായി. അന്‍പത് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് പെരുങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തില്‍ അവസാനം കുറിക്കയാണെന്നും സിപിഐയും മുസ്ലിംലീഗിലെ ഒരു വിഭാഗവും തങ്ങളോടൊപ്പമുണ്ടാകുമെന്നും എ വി ഗോപിനാഥ് പറഞ്ഞു.
പതിനെട്ട് വാര്‍ഡുകളില്‍ പതിനൊന്നിടത്ത് ഐഡിഎഫും ഏഴ് ഇടത്ത് സിപിഎമ്മും മത്സരിക്കും. പ്രസിഡന്റ് സ്ഥാനം ജനറലാണ്. എ വി ഗോപിനാഥ് ഏഴാം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് കെ എം കേരളകുമാരി ആറാം വാര്‍ഡിലും വൈസ് പ്രസിഡന്റ് ഇ പി പൗലോസ് 18ാം വാര്‍ഡിലും മത്സരിക്കും.
2009 മുതല്‍ നേതൃത്വവുമായി അകലം പാലിച്ച ഗോപിനാഥ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ കോണ്‍ഗ്രസ് വിട്ടു. 2023-ല്‍ നവകേരള സദസ്സില്‍ പങ്കെടുത്തതോടെയാണ് പാര്‍ട്ടിയില്‍നിന്ന് ഔദ്യോഗികമായി പുറത്താക്കിയത്. 25 വര്‍ഷക്കാലം പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച എ വി ഗോപിനാഥ് 1991-ല്‍ ആലത്തൂര്‍ നിയമസഭാമണ്ഡലത്തില്‍ 338 വോട്ടിന്റെ അട്ടിമറിവിജയം നേടി. അന്‍പതുവര്‍ഷക്കാലം പെരിങ്ങോട്ടുകുറുശ്ശിയുടെ രാഷ്ട്രീയം നിയന്ത്രിച്ച എ വി ഗോപിനാഥിന്റെ രാഷ്ട്രീയ കരുനീക്കം ഇത്തവണ തദ്ദേശതിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമാവും



