കാമുകന്റെ ചെലവില്‍ ചിക്കന്‍ ബിരിയാണിയും ഐസ്‌ക്രീമും.. ഒടുവിൽ ‘വാട്‌സ്ആപ്പ് കാമുകി’ സ്‌കൂട്ടറുമായി കടന്നുകളഞ്ഞു…

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നുകളഞ്ഞെന്ന് പരാതി. കാമുകി പോയെങ്കില്‍ പോട്ടെ, മോഷ്ടിച്ച സ്‌കൂട്ടറെങ്കിലും തിരിച്ചുകിട്ടണം എന്ന ആവശ്യവുമായി കാമുകന്‍ കളമശേരി പൊലീസ് സ്റ്റേഷനില്‍.

24കാരനായ കൈപ്പട്ടൂര്‍ സ്വദേശിയാണ് പരാതിക്കാരന്‍.ചാറ്റിങ്ങിലൂടെ പ്രണയം തളിര്‍ത്തെങ്കിലും ഇരുവരും പരസ്പരം ഫോട്ടോ പോലും കൈമാറിയിരുന്നില്ല. പ്രണയം തുടങ്ങി ഒരുമാസത്തിന് ശേഷം ഇരുവരും മാളില്‍ കണ്ടുമുട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് യുവാവ് തന്റെ പുത്തന്‍ സ്‌കൂട്ടറുമായി മാളില്‍ എത്തി പാര്‍ക്കിങ് ഏരിയയില്‍ സ്‌കൂട്ടര്‍ വെച്ചു.

താന്‍ വരണമെങ്കില്‍ സ്‌കൂട്ടര്‍ താന്‍ പറയുന്ന സ്ഥലത്ത് വെയ്ക്കണമെന്ന് യുവതി നിബന്ധന വെച്ചു. ഇതനുസരിച്ച് യുവതി പറഞ്ഞ കടയ്ക്ക് മുന്നിലേക്ക് യുവാവ് സ്‌കൂട്ടര്‍ മാറ്റിവെച്ചു. തുടര്‍ന്ന് യുവതി മാളിലെത്തി യുവാവിനൊപ്പം കുറെ സമയം ചെലവഴിച്ചു. കാമുകന്റെ ചെലവില്‍ ചിക്കന്‍ ബിരിയാണിയും ഐസ്‌ക്രീമും ഒക്കെ കഴിക്കുകയും ചെയ്തു.

യുവാവ് വാഷ്‌റൂമില്‍ പോയി തിരിച്ചുവന്നപ്പോള്‍ യുവതിയെ കാണാനില്ല. ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. അപ്പോഴാണ് തന്റെ പുത്തന്‍ സ്‌കൂട്ടറിന്റെ താക്കോലും കാണാനില്ലെന്ന് മനസിലായത്. സ്‌കൂട്ടര്‍ സൂക്ഷിച്ച സ്ഥലത്ത് പാഞ്ഞെത്തിയപ്പോഴേക്കും സ്‌കൂട്ടര്‍ നഷ്ടമായിരുന്നു. തുടര്‍ന്നാണ് കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button