തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം; ബോളിവുഡ് താരം ധർമേന്ദ്ര അന്തരിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതം..

ബോളിവുഡ് താരം ധർമേന്ദ്ര അന്തരിച്ചുവെന്ന വാർത്തകൾ അടിസ്ഥനരഹിതമെന്ന് മകൾ. അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും മകൾ ഇഷ ഡിയോൾ സമൂഹമാധ്യമത്തിൽ കുറിച്ചു.

തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇഷ ആവശ്യപ്പെട്ടു. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥിച്ച ഇഷ, പിതാവിന്റെ മടങ്ങിവരവിനു വേണ്ടി പ്രാർഥിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു.

ശ്വാസതടസം അനുഭവപ്പെട്ടതിന് പിന്നാലെയാണ് കഴിഞ്ഞ ആഴ്ച ഇദ്ദേഹത്തെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ അവസ്ഥ വഷളായതോടെ ഇദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. നടി ഹേമമാലിനിയാണ് ഭാര്യ. സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ എന്നിവരാണ് മക്കൾ.

60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.ബോളിവുഡിന്റെ ഹീമാൻ എന്നായിരുന്നു ധർമ്മേന്ദ്ര അറിയപ്പെട്ടിരുന്നത് ‘ഷോലെ’ ക്ലാസിക് ചിത്രത്തിലൂടെയാണ് ധർമേന്ദ്രയെ ആളുകൾ ഓർക്കുക. 300ൽ അധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിപ്പിച്ചു. ബോളിവുഡിലെ ഇതിഹാസമെന്നാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. 90 കൾ വരെ അദ്ദേഹം നായകനായ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

Related Articles

Back to top button