ദില്ലിയിൽ നടന്നത് ഭീകരാക്രമണം? ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്ന് വിവരങ്ങൾ തേടി പ്രധാനമന്ത്രി..

ദില്ലിയിലെ റെഡ്‌ഫോർട്ടിനടുത്ത് നടന്ന ഉഗ്ര സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 13 പേർക്ക് ജീവൻ നഷ്ടമാകുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കാർ ബോംബ് സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴത്തിലുള്ള ദുഃഖം പ്രകടിപ്പിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കിയ മോദി അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും വിവരിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാർത്ഥനയും പ്രധാനമന്ത്രി പങ്കുവച്ചു. സ്ഫോടന ബാധിതർക്ക് എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ച് സാഹചര്യം വിലയിരുത്തിയെന്നും മോദി പറഞ്ഞു. ദില്ലി പൊലീസ് കമ്മീഷണർ സതീഷ് ഗോൾചയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ വിടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.



