‘മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും 21 വയസ്സുള്ള പെൺകുട്ടി ഈ വലിയ നഗരത്തിന്റെ മേയറായി’… നന്ദി…

തദ്ദേശ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടന്നു. അതിനിടെ, വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മേയർ ആര്യ രാജേന്ദ്രൻ. പാർട്ടിക്കും നേതാക്കൾക്കും പ്രവർത്തകർക്കുമെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് ആര്യയുടെ കുറിപ്പ്. ജീവിതത്തിലെ ഈ അഞ്ച് വർഷം അതിപ്രധാനമാണെന്നും ഇനി ഏത് സാഹചര്യത്തിലും മുന്നോട്ട് പോകാനുള്ള കരുത്ത് ഈ കാലത്തിനിടെ ഞാൻ നേടിയിട്ടുണ്ടെന്നും ആര്യ പറയുന്നു.

” വ്യക്തി അധിക്ഷേപം മുതൽ നട്ടാൽ കുരുക്കാത്ത നുണകളുടെ കോട്ടകളെല്ലാം തകർത്ത് ഈ നാട്ടിലെ ജനങ്ങൾ എന്നെ സംരക്ഷിച്ചതും എന്റെ പാർട്ടി എന്നെ ചേർത്ത് നിർത്തിയതും ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. എത്രയോ ജീവിത സാഹചര്യങ്ങൾ, എത്രയോ കരുതലുകൾ, എത്രയോ സ്‌നേഹബന്ധങ്ങൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ സ്വയം മനസ്സിലാക്കിയ നിമിഷങ്ങൾ ഈ അഞ്ച് വർഷങ്ങൾക്ക് ഇടയിലുണ്ട്. നാം അനുഭവിച്ച ജീവിത സാഹചര്യങ്ങളെക്കാൾ പ്രയാസമേറിയ ജീവിത സാഹചര്യങ്ങളിലെ മനുഷ്യരെ കണ്ടെത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന തീരുമാനങ്ങൾ തുടങ്ങി എണ്ണിയാൽ തീരാത്ത അത്രയും കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. വികസന പ്രവർത്തനങ്ങളിൽ എല്ലാവരുടെയും അഭിപ്രായവും നിർദ്ദേശവും കേട്ട് ലോകരാജ്യങ്ങൾ അംഗീകരിക്കുന്ന നിലവാരത്തിലേക്ക് നഗരത്തെ ഉയർത്താൻ സാധിച്ചു. രാജ്യത്ത് ആദ്യമായി സുസ്ഥിര വികസനത്തിനുള്ള UN-Habitat അവാർഡ് നമ്മുടെ നഗരത്തിന് ലഭിക്കുമ്പോൾ എന്റെ പേരിനൊപ്പം ‘തിരുവനന്തപുരം ഇന്ത്യ’ എന്ന് വിളിച്ചത് ഇപ്പോഴും അഭിമാനത്തോടെ ഓർക്കുകയാണ്. മികച്ച നഗരസഭ എന്ന നിലയിൽ സംസ്ഥാന സർക്കാരിന്റെയും,കേന്ദ്ര സർക്കാരിന്റെയും തുടങ്ങി വിവിധ അവാർഡുകൾ ചരിത്രത്തിലാദ്യമായി നമ്മുടെ നഗരത്തിന് നേടാനായി. അതിന് നേതൃത്വം നൽകാൻ ഈ ഭരണസമിതിയ്ക്ക് സാധിച്ചു എന്നതിൽ അഭിമാനമുണ്ട്‌”, ആര്യ പറയുന്നു.

തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാർഥികളുടെ ആദ്യ പട്ടിക എൽഡിഎഫ് പ്രഖ്യാപിച്ചു. മേയർ ആര്യാ രാജേന്ദ്രൻ മത്സരരംഗത്തില്ല. 101 സീറ്റുകളിൽ 93 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മറ്റ് എട്ട് സ്ഥാനാർഥികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Related Articles

Back to top button