കോൺഗ്രസ് പോയാൽ കേരള കോൺഗ്രസ് ബി.. തലച്ചിറ അസീസിനെ സ്വാഗതം ചെയ്ത് ഗണേഷ്കുമാർ..

മന്ത്രി കെ.ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയതിന് കോൺഗ്രസ് പുറത്താക്കിയ തലച്ചിറ അസീസിനെ സ്വാഗതം ചെയ്ത് കേരള കോൺഗ്രസ് ബി. ഗണേഷ് കുമാർ തലച്ചിറയിലെ വീട്ടിലെത്തി അസീസിനെ പാർട്ടിയിലേക്ക് ക്ഷണിച്ചു. ഇന്നലെയാണ് അസീസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. ഗണേഷ് കുമാർ കായ്ഫലമുള്ള മരമെന്ന് അസീസ് വാഴ്ത്തിയിരുന്നു. ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കണമെന്നും അസീസ് ആഹ്വാനം ചെയ്തിരുന്നു. ഇതിനുപിന്നാലെ വിശദീകരണം തേടിയ കെപിസിസി അസീസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. സത്യം പറഞ്ഞതിനാണ് തലച്ചിറ അസീസിനെ കോൺഗ്രസ് പുറത്താക്കിയതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം കെബി ഗണേഷ്കുമാർ പറഞ്ഞു. കോൺഗ്രസിൽ ഇപ്പോൾ സത്യം പറയാൻ പാടില്ല.സത്യം പറയുന്നവരുടെ കണ്ണ് കുത്തിപ്പൊട്ടിക്കുകയാണ് കോൺഗ്രസിൻരെ രീതി. സന്തോഷത്തോടെ അസീസിനെ കേരള കോൺഗ്രസ് ബി യിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും ഗണേഷ് കുമാർ പറഞ്ഞു



