ഏറെ പ്രതീക്ഷിച്ചു.. പക്ഷെ.. നൂറയ്ക്ക് വൈകാരികമായ യാത്രയയപ്പ് നല്‍കി മത്സരാർത്ഥികൾ…

ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ കൂടി മാത്രം. സീസണ്‍ 7 ന്‍റെ ഗ്രാന്‍ഡ് ഫിനാലെ നാളെയാണ് നടക്കുന്നത്. ഫൈനല്‍ ഫൈവിലേക്ക് എത്തുന്നതിന് മുന്‍പുള്ള അവസാന എവിക്ഷന്‍ ഹൗസില്‍ ഇന്ന് നടന്നു. ടിക്കറ്റ് ടു ഫിനാലെ വിജയിയായ നൂറ ഫാത്തിമയാണ് ഇന്ന് എവിക്റ്റ് ആയത്. പ്രേക്ഷകരുടെ വോട്ടിംഗ് അനുസരിച്ചാണ് പുറത്താക്കല്‍.

ഗാര്‍ഡന്‍ ഏരിയയില്‍ നടത്തിയ ഒരു ടാസ്കിലൂടെയാണ് ആരാണ് പുറത്താവുന്നതെന്ന വിവരം വലിയ നാടകീയതയൊന്നുമില്ലാതെ ബിഗ് ബോസ് അറിയിച്ചത്. അതേസമയം വൈകാരികമായ യാത്രയയപ്പാണ് നൂറയ്ക്ക് സഹമത്സരാര്‍ത്ഥികള്‍ നല്‍കിയത്.ഗാര്‍ഡന്‍ ഏരിയയില്‍ എല്ലാവരുടെയും പേരുകള്‍ എഴുതിയ ആറ് പെഡസ്റ്റലുകള്‍ ബിഗ് ബോസ് തയ്യാറാക്കിയിരുന്നു. പിന്നാലെ ടാസ്ക് എങ്ങനെ നടത്തണമെന്ന അറിയിപ്പും വന്നു. ബസര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ പണിപ്പുരയില്‍ കടന്ന് അവിടെ സൂക്ഷിച്ചിരിക്കുന്ന ഓരോരുത്തരുടെയും ചിത്രത്തിന്‍റെ ഭാഗങ്ങള്‍ എടുത്തുകൊണ്ട് വന്ന് പെഡസ്റ്റലില്‍ വച്ച് അത് ഒരു ജിഗ്സോ പസില്‍ പോലെ ചേര്‍ത്തുവച്ച് ചിത്രം പൂര്‍ണ്ണമാക്കുക എന്നതായിരുന്നു ടാസ്ക്. അക്ബര്‍ ആണ് ടാസ്ക് ആദ്യം പൂര്‍ത്തിയാക്കിയത്. പിന്നീട് മറ്റോരോരുത്തരും. ടാസ്ക് പൂര്‍ത്തിയാക്കാന്‍ അനുമോളും ഷാനവാസുമൊക്കെ അവശേഷിക്കുമ്പോള്‍ത്തന്നെ തന്‍റെ ചിത്രം അപൂര്‍ണ്ണമാണെന്ന് നൂറ മനസിലാക്കിയിരുന്നു. പിന്നീട് മറ്റുള്ളവര്‍ ടാസ്ക് പൂര്‍ത്തിയാക്കാനുള്ള കാത്തിരിപ്പ് ആയിരുന്നു നൂറയുടേത്.

നിശബ്ദതയോടെയാണ് ഈ അവസാന നിമിഷമുള്ള നൂറയുടെ പുറത്താവലിനെ സഹമത്സരാര്‍ത്ഥികള്‍ സ്വീകരിച്ചത്. ഫൈനല്‍ ഫൈവ് അര്‍ഹിക്കുന്ന മത്സരാര്‍ത്ഥിയാണ് നൂറയെന്ന് നെവിന്‍ അടക്കമുള്ളവര്‍ പറയുന്നുണ്ടായിരുന്നു. ഒരു നിമിഷം ഒന്ന് പതറിയെങ്കിലും പെട്ടെന്നുതന്നെ നൂറ ആത്മസംയമനം വീണ്ടെടുത്തു. എല്ലാവരോടും യാത്ര പറഞ്ഞു. അനീഷും നെവിനും അക്ബറുമൊക്കെ വൈകാരികതയോടെയാണ് നൂറയോട് യാത്ര പറഞ്ഞത്.

Related Articles

Back to top button