കൂട് വൃത്തിയാക്കുന്നതിനായി കുരങ്ങുകളെ മാറ്റുന്നതിനിടെ പരസ്പരം ആക്രമിച്ച് സിംഹവാലൻ കുരങ്ങുകൾ; 23 വയസ്സുള്ള ഒരു കുരങ്ങ് ചത്തു..
തിരുവനന്തപുരം മൃഗലാലയിൽ പരസ്പരം ആക്രമിച്ച് സിംഹവാലൻ കുരങ്ങുകൾ. കടിപിടിക്കിടെ ഒരു സിംഹവാലൻ കുരങ്ങ് ചത്തു. 23 വയസ്സുള്ള രാമൻ എന്ന ആൺ സിംഹവാലൻ കുരങ്ങാണ് ചത്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബുധനാഴ്ച കൂട് വൃത്തിയാക്കുന്നതിനിടെ ഭാഗമായി കുരങ്ങുകളെ കൂട്ടിൽ നിന്നും മാറ്റിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി രണ്ട് കുരങ്ങുകൾ തമ്മിലടിച്ചത്. ആക്രമണത്തിൽ രാമൻ എന്ന കുരങ്ങിന്ഗുരുതരമായി പരിക്കേറ്റു.
പുറമേയുള്ള പരുക്കുകൾ ചികിത്സിച്ച ശേഷം ആന്തരിക രക്തസ്രാവവും വാരിയെല്ലുകളിൽ ഒടിവും കണ്ടതിനാൽ കുടപ്പനക്കുന്ന് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിന് മുൻപ് കുരങ്ങിന്റെ ജീവൻ നഷ്ടമായി. കോടനാട് വനംവകുപ്പിൽ നിന്ന് 2008ൽ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ച കുരങ്ങായിരുന്നു രാമൻ.
സിംഹവാലൻ കുരങ്ങുകൾക്കിടയിൽ സംഘർഷമുണ്ടാകുന്നത് പുതിയ കാര്യമില്ലെന്നാണ് വെറ്ററിനറി സർജൻ ഡോ.നികേഷ് കിരൺ പറയുന്നത്. ചെറു കൂട്ടങ്ങളായി ജീവിക്കുന്ന സിംഹവാലൻ കുരങ്ങുകൾക്കിടയിൽ കടിപിടികളും ആക്രമണങ്ങളും ഉണ്ടാകാറുണ്ട്. ഇ ങ്ങനെയുണ്ടായി ആക്രമണത്തിലാണ് രാമൻ എന്ന കുരങ്ങിന് പരിക്കേറ്റതും മരണം സംഭവിച്ചതും. ഇനി മൂന്ന് ആൺകുരങ്ങുകളും മൂന്ന് പെൺ കുരങ്ങുകളുമാണ് മൃഗശാലയിൽ ഉള്ളത്. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ സിംഹവാലൻ പ്രജനന പദ്ധതിയിൽ പങ്കാളിയാണ് തിരുവനന്തപുരം മൃഗശാല. പദ്ധതിയുടെ ഏകോപന ചുമതലയുള്ള ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കുരങ്ങുകളെ എത്തിക്കാനായുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മൃഗശാല ഡയറക്ടർ മഞ്ജുളാദേവി അറിയിച്ചു.


