ഭരണം പിടിക്കാൻ യുഡിഎഫ്..കൊഴിഞ്ഞാമ്പാറയിൽ; സിപിഎം വിമതർ കോൺഗ്രസിനൊപ്പം…
പാലക്കാട് ജില്ലയിൽ സിപിഎം നേതൃത്വത്തിന് തലവേദനയാകുകയാണ് കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ വിമതശല്യം. സിപിഎം വിമതർ യുഡിഎഫിനൊപ്പം ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. ചർച്ചകൾ പുരോഗമിക്കുന്നതായി കോൺഗ്രസ് നേതൃത്വം. വിമതരെ ഒപ്പം കൂട്ടി ഭരണം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. വിമതരുമായി ഇനി ചർച്ച വേണ്ടെന്നും തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനുമാണ് സിപിഎമ്മിന്റെ തീരുമാനം. എൽഡിഎഫ് 9, യുഡിഎഫ് 8, ബിജെപി 1-എന്നിങ്ങനെയാണ് കക്ഷിനില
തെങ്ങിൻ തോപ്പുകളുടെയും കള്ള് ചെത്തിൻറെയും നാടാണ് കൊഴിഞ്ഞാമ്പാറ. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശം. ഒരു കാലത്ത് കോൺഗ്രസിൻ്റെ ശക്തി കേന്ദ്രം. പക്ഷേ കഴിഞ്ഞ 10 വർഷമായി എൽഡിഎഫാണ് ഭരണം. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി സിപിഎമ്മിൽ കടുത്ത പൊട്ടിത്തെറി ഉണ്ടാവുകയും ജില്ലാ സെക്രട്ടറിക്കെതിരെ കലാപക്കൊടി ഉയർത്തി ഒരു കൂട്ടം നേതാക്കൾ രംഗത്ത് എത്തുകയും ചെയ്തു. വിമത നീക്കത്തിന് ചുക്കാൻ പിടിക്കുന്നത് പഞ്ചായത്ത് പ്രസിഡൻറ് തന്നെയെന്നത് സാഹചര്യത്തിൻറെ ഗൗരവം കൂട്ടുന്നു. സിപിഎം ലോക്കൽ സെക്രട്ടറിയായി കോൺഗ്രസിൽ നിന്നെത്തിയ നേതാവിനെ തെരഞ്ഞെടുത്തതാണ് കലാപത്തിന് കാരണം. ജില്ലാ നേതൃത്വത്തിനെതിരെ സംസ്ഥാന സെക്രട്ടറിക്കുൾപ്പെടെ പരാതി നൽകിയിട്ടും പരിഹാരം കാണാത്തതിൻറെ അമർഷത്തിലാണ് വിമതപക്ഷം



