90,562 കോടി രൂപയുടെ 1190 പദ്ധതികളുമായി കിഫ്ബി@25

നവകേരള നിർമിതിയുടെ മുന്നേറ്റത്തിന് 25 വർഷങ്ങൾ പൂർത്തിയാക്കി കിഫ്ബി. പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി സംസ്ഥാന ധനവകുപ്പിന് കീഴിൽ സ്ഥാപിതമായ ഏജൻസിയാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബി. പിണറായി വിജയൻ സർക്കാരിന്റെ ഒൻപത് വർഷത്തിനിടയിൽ കിഫ്ബി വഴി അംഗീകാരം നൽകിയത് 90,562 കോടി രൂപയുടെ 1190 പദ്ധതികൾക്കാണ്. ഇതിൽ 37,388 കോടി രൂപ ചെലവഴിച്ചു. 21881 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയായി. 27,273 കോടിയുടെ പദ്ധതികൾ പുരോഗമിക്കുകയാണെന്നും കിഫ്ബിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിളിച്ച വാർത്താസമ്മേളനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
1183 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് 70,562 കോടിയാണ് കിഫ്ബി വഴി അംഗീകരിച്ചത്. 20,000 കോടിയുടെ ഏഴ് ഭൂമി ഏറ്റെടുക്കൽ പാക്കേജുകൾക്കും കിഫ്ബി വഴിഅംഗീകാരം നൽകിയത്. വിവിധ മേഖലകളിലെ കെട്ടിടനിർമ്മാണങ്ങൾ, പാലങ്ങൾ, റോഡുകൾ തുടങ്ങി നിലവിൽ 90,562 കോടി രൂപയുടെ 1190 പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയത്.
