വിനോദസഞ്ചാരി കയത്തില്‍ മുങ്ങി മരിച്ചു.. മരിച്ചത് ഹരിപ്പാട് സ്വദേശി…

പീരുമേട് തട്ടത്തികാനത്ത് വിനോദസഞ്ചാരി കയത്തില്‍ മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പീരുമേട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു മഹേഷ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. സുഹൃത്തിനൊപ്പം കയത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മഹേഷ് വെള്ളത്തിൽ വീഴുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ സമീപവാസികൾ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി മഹേഷിനെ പുറത്തെടുത്തു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.അതിനിടെ അപകടം നടന്നയുടനെ മഹേഷിനൊപ്പമുണ്ടായിരുന്ന യുവാവ് വാഹനവുമായി കടന്നു കളഞ്ഞതായി പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്. മഹേഷും സുഹൃത്തും സമീപത്തുള്ള ഒരു ഹോം സ്റ്റേയിലാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് മരിച്ചയാളുടെ പേര് പൊലീസിനു കിട്ടിയത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കടന്നു കളഞ്ഞതിനാൽ മഹേഷിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടില്ല. നിലവിൽ പീരുമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .



