രത്നമ്മയുടെ മാലയും വളയും കാണാനില്ല, മുറി പുറത്തുനിന്ന് കുറ്റിയിട്ട നിലയിൽ, അടിമുടി ദുരൂഹത..

പത്തനംതിട്ട അടൂർ കോട്ടമുകളിൽ വയോധികയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കൊലപാതകമെന്ന സംശയമാണ് പൊലീസ് ഉന്നയിക്കുന്നത്. ഒറ്റക്ക് താമസിക്കുകയായിരുന്ന 77 വയസുള്ള രത്നമ്മയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ആഭരണങ്ങൾ കാണാനില്ല. വീടിന്റെ പുറത്തുള്ള മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിന് സമീപം രക്തക്കറയും കണ്ടെത്തിയിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രാവിലെ പൊലീസിന്റെ സംശയം ആത്മഹത്യ എന്നായിരുന്നു. കൈ ഞരമ്പ് മുറിച്ചതിന് ശേ‌ഷം ആത്മഹത്യ ചെയ്തു എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി​ഗമനം. പിന്നീട് അന്വേഷിച്ചപ്പോഴാണ് രത്നമ്മക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളോ മറ്റ് പ്രയാസങ്ങളോ ഒന്നുമില്ലെന്ന് പൊലീസിന് മനസിലാകുന്നത്. കൂടാതെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ശക്തമായ മൊഴിയും പുറത്തുവന്നു.

വീടിന് പുറത്തുള്ള മുറിയിലാണ് രത്നമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ രക്തക്കറ കണ്ടെത്തിയിരുന്നു. മുറിയുടെ വാതിൽ പുറത്തുനിന്ന് കുറ്റിയിട്ടിരുന്നു എന്ന് കണ്ടെത്തലിനെ തുടർന്നാണ് കൊലപാതകമാണോ എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്. രത്നമ്മയുടെ കയ്യിലെ മാലയും വളയും കാണാനില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. സാഹചര്യങ്ങളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് കൊലപാതകമെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ സംഭവത്തിൽ വ്യക്തത വരികയുളളൂ. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അടൂർ പൊലീസ് അറിയിച്ചു.

Related Articles

Back to top button