പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ കയ്യാങ്കളി; യുഡിഎഫ് ജില്ലാ പഞ്ചായത്ത്‌ അംഗം ഉൾപ്പെടെ രണ്ട് പേർ കസ്റ്റഡിയിൽ, ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്

പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ സംഘർഷം. അതിക്രമത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത്‌ അംഗം ഉൾപ്പെടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. യുഡിഎഫ് പ്രവർത്തകർ പൊലീസിനെ മർദ്ദിക്കുകയായിരുന്നു. വാക്കേറ്റമാണ് കയ്യാങ്കളിയായി മാറിയത്. ജില്ലാ പഞ്ചായത്ത്‌ അംഗമായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി സെക്രട്ടറി വി. പി ദുൽഖീഫിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.

പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടു യുഡിഎഫ് പ്രവർത്തകരെ ഇന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ സന്ദർശിക്കാൻ എത്തിയപ്പോളാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. അതേസമയം പേരാമ്പ്രയിലെ മർദ്ദനവുമായി ബന്ധപ്പെട്ട് പൊലീസ് കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ താത്പര്യം കാണിക്കുന്നില്ലെന്ന് ഷാഫി പറമ്പിൽ എംപി ഇന്നലെ പറഞ്ഞു. കുറ്റവാളികൾക്കെതിരെ നിയമപരമായ തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു. കോഴിക്കോട്ടു വെച്ച് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Back to top button