ആലപ്പുഴയിൽ മോട്ടോർ വാഹന വകുപ്പിനും മന്ത്രിക്കുമെതിരെ, ആരോപണവുമായി സ്വകാര്യ ബസ് ഉടമസ്ഥർ
മാവേലിക്കര- റോഡ് കൈയ്യേറിയുള്ള കച്ചവടങ്ങളും അനധികൃത പാർക്കിംഗും അശാസ്ത്രീയമായ സിഗ്നൽ സംവിധാനങ്ങളും കാരണം സ്വകാര്യ ബസുകൾക്ക് സമയക്രമം പാലിക്കുവാൻ കഴിയുന്നില്ലെന്ന് സ്വകാര്യ ബസ് ഓണേഴ്സ് അസോസിയേഷൻ ആരോപിച്ചു. എന്നാൽ ഇതോന്നും പരിഗമിക്കാതെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിയമലംഘനത്തിൻ്റെ പേരിൽ സ്വകാര്യ ബസുകളെ മാത്രം തിരഞ്ഞ് പിടിച്ച് വൻതുക ഫൈൻ അടിക്കുന്നത് പതിവായിരിക്കുകയാണെന്ന് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മറ്റി യോഗത്തിൽ വിമർശനം ഉയർന്നു.

പെർമിറ്റും ഇൻഷ്വറൻസും സ്പീഡ് ഗവർണറും, ക്യാമറയും സമയക്രമവുമില്ലാതെ കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലൂടെ പായുമ്പോഴാണ് സ്വകാര്യ ബസുകളെ മാത്രം തിരഞ്ഞ് പിടിക്കുന്നതെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മറ്റി ആരോപിച്ചു. വിദ്യാർത്ഥികളുടെ ബസ് ചാർജ്ജ് പതിനാല് വർഷമായി വർദ്ധിപ്പിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഗതാഗത മന്ത്രി സ്വകാര്യ ബസുകളോട് വൈരാഗ്യബുദ്ധിയോടെയാണ് പെരുമാറുന്നത്. പൊതുഗതാഗത മന്ത്രി കെ.എസ്.ആർ.ടി.സി മന്ത്രിയെന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് പാലമുറ്റത്ത് വിജയകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ദിനേശ് കുമാർ, ഡി.രഘുനാഥപിള്ള, ഷാജിമോൻ, അനന്തകുമാരപണിക്കർ, ഷാബു കടുകോയിക്കൽ, സജീവ് പുല്ലുകുളങ്ങര, വിപിൻ ചന്ദ്രലാൽ, ബെന്നി ചേർത്തല എന്നിവർ സംസാരിച്ചു.


