നിർമാണത്തിലിരുന്ന വീടിന് മുകളിൽ കത്തികരിഞ്ഞ മൃതദേഹം… മൃതദേഹത്തിന് സമീപം ആത്മഹത്യാകുറിപ്പ്..മരിച്ചത്..

വയനാട്ടിലെ പനമരത്ത് പോക്സോ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കമ്പളക്കാട്ടെ നിർമാണം നടക്കുന്ന മൂന്നുനിലക്കെട്ടിടത്തിനു മുകളിലാണ് പ്രതിയുടെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം കരമന സ്വദേശിയായ സുനിൽ കുമാറി (അൽ അമീൻ-50)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് ഇയാൾ.
ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ കമ്പളക്കാട് പള്ളിക്കുന്ന് റോഡിലെ കെട്ടിടത്തിന് മുകളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കാണുന്നത്. കെട്ടിടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് കമ്പളക്കാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇരുകാലുകളും വയറുകൾ ഉപയോഗിച്ച് കെട്ടിയിട്ട നിലയിലാണ്.
മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും ആധാർ കാർഡും പൊലീസ് കണ്ടെടുത്തു. ഇയാൾ വ്യത്യസ്തമായ പേരുകളിൽ മൂന്നുവിവാഹം കഴിച്ചിട്ടുണ്ട്. 2024 നവംബറിൽ വെള്ളമുണ്ടയിൽ രജിസ്റ്റർചെയ്ത പോക്സോ കേസിൽ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു. ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ പലയിടങ്ങളിൽ പണിയെടുത്താണ് ഇയാൾ ജീവിച്ചിരുന്നത്.


