ഓടിക്കൂടിയ നാട്ടുകാർക്ക് പ്രവാസിയുടെ വീട്ടിൽ നിന്ന് കിട്ടിയത് അച്ചടിച്ച മുന്നറിയിപ്പ് നോട്ടീസ്, വീടിന് തീയിട്ട കേസിൽ വിവരങ്ങൾ പുറത്ത്

വിദേശത്ത് വച്ച് വിറ്റ കാറിന്റെ പണം പൂർണമായും നൽകിയില്ലെന്ന് ആരോപിച്ച് കാർ വാങ്ങിയ ആളുടെ നാട്ടിലെ വീടിന് തീയിട്ട് പ്രതികാരം. പാലക്കാട് പട്ടാമ്പിക്കടുത്ത് മുതുതലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. മുതുതല സ്വദേശി ഇബ്രാഹിമിന്റെ വീടിനാണ് എറണാകുളം പറവൂർ സ്വദേശി പ്രേംദാസ് തീയിട്ടത്. ആളിക്കത്തുന്ന വീട്ടിനകത്ത് ആത്മഹത്യക്ക് ശ്രമിച്ച പ്രേംദാസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടിൽ നിന്ന് ബാക്കി പണം ഉടൻ തിരി നൽകണമെന്ന് മുന്നറിയിപ്പ് നൽകുന്ന നോട്ടീസ് കണ്ടെടുത്തു
ഉച്ചയ്ക്ക് 12 മണിയോടെയാണ് മുതുതല പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഇബ്രാഹിമിൻറെ വീട്ടിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. പിന്നാലെ ഉഗ്രശബ്ദത്തിലുള്ള പൊട്ടിത്തെറിയുമുണ്ടായി .
നാട്ടുകാർ ഓടിക്കൂടും മുമ്പ് വീടിന് തീപിടിച്ചിരുന്നു. തീയണക്കാനുളള ശ്രമത്തിനിടെയാണ് കയ്യിൽ ലൈറ്ററും കത്തിയുമായി രക്തത്തിൽ കുളിച്ച നിലയിൽ മധ്യവയസ്കനെ കാണുന്നത്. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി ആംബുലൻസിലേക്ക് മാറ്റി



