പിഎം ശ്രീ….എന്നും കുട്ടികളുടെ പക്ഷത്ത്…മന്ത്രി വി ശിവന്‍കുട്ടി

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അനാവശ്യ രാഷ്ട്രീയ വിവാദങ്ങളെ തള്ളുന്നുവെന്ന് വി ശിവന്‍കുട്ടി. മതനിരപേക്ഷത ഉറപ്പിക്കുമെന്നും എന്നും കുട്ടികളുടെ പക്ഷത്ത് എന്നും മന്ത്രി.
പിഎം ശ്രീ പദ്ധതിയുടെ ധാരണപത്രത്തില്‍ സൂചിപ്പിച്ച കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാന്‍ മത്സരിക്കുകയാണ് ചിലരെന്ന് മന്ത്രി കുറ്റപ്പെടുത്തി.
അതില്‍ പത്രമാധ്യമങ്ങളും രാഷ്ട്രീയനേതൃത്വവും കൂടിയുണ്ടെന്നും പദ്ധതിയില്‍ ഒപ്പുവച്ചാല്‍ പാഠ്യപദ്ധതിയെല്ലാം മാറ്റി കേന്ദ്രം നിശ്ചയിച്ചുനല്‍കുന്നത് നടപ്പാക്കേണ്ടി വരുമെന്നത് അവാസ്തവമാണെന്നും മന്ത്രി വിശദമാക്കി. സംസ്ഥാനങ്ങള്‍ക്ക് അവരുടെ കരിക്കുലം തുടരാമെന്ന കാര്യം ദേശീയ വിദ്യാഭ്യാസനയംതന്നെ വ്യക്തമാക്കിയിട്ടുണ്ട് .
മാത്രവുമല്ല, രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി പാഠ്യപദ്ധതി പരിഷ്‌കരിച്ച ഏകസംസ്ഥാനവും കേരളമാണ്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം ആരംഭിച്ചശേഷം എന്‍സിഇആര്‍ടി പുസ്തകങ്ങളും എസ്സിഇആര്‍ടി പുസ്തകങ്ങളും ചേര്‍ത്തുനിര്‍ത്തിയാണ് പാഠ്യപദ്ധതി രൂപീകരിച്ചിട്ടുള്ളത്. അക്കാദമികപരമായി ഏതു പുസ്തകം സ്വീകരിച്ചാലും അതിലെ ഏതു പാഠം പഠിപ്പിക്കണം, പഠിപ്പിക്കരുത് എന്നു തീരുമാനിക്കാനുള്ള പരമാധികാരം സംസ്ഥാനങ്ങള്‍ക്കുണ്ട്.
അതുകൊണ്ടാണ് എന്‍സിഇആര്‍ടി രാഷ്ട്രീയതാല്‍പ്പര്യം മുന്‍നിര്‍ത്തി പാഠഭാഗങ്ങള്‍ വെട്ടിമാറ്റിയപ്പോള്‍ കേരളം അഡീഷണല്‍ പാഠപുസ്തകങ്ങള്‍ പുറത്തിറക്കുകയും പഠിപ്പിക്കുകയും ചെയ്തത്. ഇതിലും തൃപ്തിയില്ലാത്തവര്‍ പിഎം ശ്രീ നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ നേരിട്ട് അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണ്. മന്ത്രി ലേഖനത്തില്‍ വ്യക്തമാക്കി.



