ശ്രേയസ് അയ്യർ ഐസിയുവിൽ; ഇടത് വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരം

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം മത്സരത്തിനിടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കേറ്റ പരിക്ക് ഗുരുതരം. സിഡ്‌നിയിലെ ആശുപത്രിയിലുള്ള താരത്തെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. അലക്‌സ്‌കാരിയെ പുറത്താക്കാൻ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിനാണ് ശ്രേയസ് അയ്യർക്ക് പരിക്കേറ്റത്. ഡ്രസ്സിങ് റൂമിലേക്ക് താരത്തെ എത്തിച്ചതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിസിസിഐ അറിയിച്ചിരുന്നു.
റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശ്രേയസ് ഐസിയുവിലാണ്. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനാൽ സങ്കീർണത ഒഴിവാക്കാൻ അദ്ദേഹത്തെ ഉടൻ തന്നെ നിരീക്ഷണത്തിനായി ആശുപത്രിയിൽ എത്തിക്കേണ്ടി വന്നു. ഡോക്ടർമാരും ഫിസിയോയും ആദ്യം തന്നെ അടിയന്തിര നടപടി സ്വീകരിച്ചു. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്, പക്ഷേ പരിക്ക് വളരെ മാരകമായേക്കാവുന്ന അവസ്ഥയായിരുന്നുവെന്നും റിപ്പോർട്ട് ചെയ്യുന്നു.
ഇതേ തുടർന്ന്, ശ്രേയസ് അടുത്ത മൂന്നാഴ്ചകളിലേക്കും കളികളിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരും. ഇപ്പോഴത്തെ അവസ്ഥയിൽ പൂർണ്ണമായ സുഖം നേടുന്നതിനും നേരം കൂടുതൽ വേണമെന്നാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അദ്ദേഹം അടുത്തയാഴ്ചയിലും ഇന്ത്യയിലേക്ക് മടങ്ങില്ല. അടുത്തതായി നടക്കാനിരിക്കുന്ന ഇന്ത്യയുടെ ടി20 ടീമിൽ അയ്യർ അംഗമല്ല.



