ബൈക്ക് കയറ്റുന്നതിനിടെ സംശയം തോന്നി, പിക്കപ്പ് ഡ്രൈവർ തന്ത്രപരമായി ഫോണിൽ ഫോട്ടോ പകർത്തി; കുടുങ്ങിയത്..

പാലക്കാട് ഒറ്റപ്പാലത്ത് മോഷ്ടിച്ച ബൈക്ക് പൊളിച്ചു വിൽക്കാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി നൗഷാദിനെയാണ് പൊലീസ് പിടികൂടിയത്. ബൈക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒറ്റപ്പാലത്തെ സ്വകാര്യ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായ യുവാവിന്‍റെ ബൈക്ക് മോഷണം പോയത് കഴിഞ്ഞ ദിവസമാണ്. സൂപ്പർ മാർക്കറ്റിന് മുന്നിൽ നിന്നാണ് ബൈക്ക് നഷ്ടമായത്. ബൈക്കിൻറെ ഫോട്ടോ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഇതിനിടെ മോഷ്ടിച്ച ബൈക്ക് കടത്തിക്കൊണ്ടുപോകാൻ ഇന്ന് രാവിലെയാണ് പ്രതി നൗഷാദ് പിക്കപ്പ് വാൻ വിളിച്ചത്. തന്‍റെ ബൈക്ക് തകരാറിലായെന്നും നാട്ടിൽ എത്തിക്കണമെന്നായിരുന്നു ആവശ്യം.
ബൈക്ക് കയറ്റുന്നതിനിടെ സംശയം തോന്നിയ പിക്കപ്പ് ഡ്രൈവർ തന്ത്രപരമായി പ്രതിയുടെയും ബൈക്കിൻറെയും ഫോട്ടോ ഫോണിൽ പകർത്തി. ഓങ്ങല്ലൂരിലെ ആക്രിക്കടയ്ക്കു മീറ്ററുകൾക്കകലെ ബൈക്ക് ഇറക്കിയ പ്രതി നൗഷാദിന്‍റെ ഫോൺ നമ്പറും വാങ്ങി സൂക്ഷിച്ചു. ഇവയെല്ലാം പൊലീസിനു കൈമാറിയതോടെ കാര്യങ്ങൾ എളുപ്പമായി. പിന്നീട് നൗഷാദിനെ തന്ത്രപരമായി പൊക്കുകയായിരുന്നു. 8000 രൂപയ്ക്കാണു ബൈക്ക് പൊളിക്കൽ സംഘത്തിന് വിറ്റത്. വാഹനം പൊളിക്കൽ കേന്ദ്രത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.



