ലഹരിമരുന്ന് വാങ്ങാൻ പണമില്ല…ആറുമാസം പ്രായമായ കുഞ്ഞിനെ വിറ്റു….ദമ്പതികൾ അറസ്റ്റിൽ…

ലഹരി വസ്തുക്കൾ വാങ്ങാനുള്ള പണം കണ്ടെത്താനായി ആറുമാസം പ്രായമായ കുഞ്ഞിനെ വിറ്റ ദമ്പതികൾ അറസ്റ്റിലായി. പഞ്ചാബിലെ മൻസ ജില്ലയിലാണ് സംഭവം. 1.8 ലക്ഷം രൂപയ്ക്കാണ് കുട്ടിയെ വിറ്റത്. കുട്ടിയുടെ മാതാപിതാക്കളായ സന്ദീപ് സിങ്, ഗുർമൻ കൗർ, കുട്ടിയെ വാങ്ങിയ സഞ്ജു സിങ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
ഗുർമന്റെ സഹോദരി റിത്തു വർമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 143(4) പ്രകാരം മനുഷ്യക്കടത്തിനാണ് കേസ്. രക്ഷപെടുത്തിയ കുട്ടിയെ മൻസ ചൈൽഡ് പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ ബത്തിൻഡയിലെ സർക്കാർ ഉടമസ്ഥതയിലുള്ള അനാഥാലയത്തിലേക്ക് മാറ്റി. സഞ്ജുവിന്റെ ഭാര്യ ആരതിക്കെതിരെയും കേസെടുത്തിട്ടുണ്ട്. മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കയാണ്.
സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്നവരും ലഹരിക്കടിമകളുമായ ദമ്പതികൾക്ക് കുട്ടിയെ വളർത്താൻ താത്പര്യമുണ്ടായിരുന്നില്ല. അതോടെയാണ് അക്ബർപൂർ ഖുദൽ ഗ്രാമത്തിലെ ആക്രിക്കച്ചവടക്കാരന്റെ കുടുംബത്തിന് കുഞ്ഞിനെ വിൽക്കാൻ ദമ്പതികൾ തീരുമാനിച്ചത്. നാലുപെൺകുട്ടികളായതിനാൽ ഒരു ആൺകുട്ടി വേണമെന്ന് ആഗ്രഹമുണ്ടായിരുന്ന സഞ്ജു സിങിന് 1.8 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ നൽകാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു.



