പിഎം ശ്രീ; മതേതരത്വത്തെ പിണറായി സർക്കാർ തൂക്കി വിറ്റു

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുൻ എംഎൽഎയും ടിഎംസി നേതാവുമായ പി വി അൻവർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർബന്ധത്തിലാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്ന് എംഎൽഎ പറഞ്ഞത്. ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻഇപി) എന്താണ് കുഴപ്പം എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചോദിക്കുന്നതെന്നും കുഴപ്പം ഉണ്ട് എന്ന് പറഞ്ഞത് ഇവർ തന്നെയല്ലേയെന്നും അദ്ദേഹം ചോദിച്ചു.
‘മുമ്പ് ഞങ്ങൾ പറഞ്ഞ ഓരോ കാര്യങ്ങളും ഇപ്പോൾ ശരിയായി മാറി. ബഡ്ജറ്റിന്റെ ഒരു ശതമാനം പോലും വരാത്ത പണം നേടാനാണോ ഒപ്പിട്ടത്. മതേതരത്വത്തെ പിണറായി സർക്കാർ തൂക്കി വിറ്റു. പിണറായിയുടെ വ്യക്തപരമായ ആവശ്യത്തിനാണിത്’എന്നാണ് പി വി അൻവർ പറഞ്ഞത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സത്കാരം സ്വീകരിക്കാനാണ് പിണറായി വസതിയിൽ പോയതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി പിണറായി ബന്ധം അടിവരയിടുന്നതാണ് പിഎം ശ്രീയിലിട്ട ഒപ്പെന്നും പി വി അൻവർ പറഞ്ഞു.



