സ്വകാര്യ ലോഡ്ജിൽ സ്ത്രീയ്ക്കൊപ്പം മുറിയെടുത്ത് മധ്യവയസ്കൻ, വിഐപികളുടെ ‘ഡീലർ’ അറസ്റ്റിലായത് എംഡിഎംഎയുമായി

ഇടുക്കി തൊടുപുഴയിൽ എം ഡി എം എയുമായി മധ്യവയസ്കനെ പൊലീസ് പിടികൂടി. തൊടുപുഴ പട്ടയം കവല സ്വദേശി റഷീദാണ് പിടിയിലായത്. ഇയാളിൽ നിന്നും അഞ്ച് ഗ്രാമോളം എം ഡി എം എയും .23 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. തൊടുപുഴയിലടക്കമുള്ള വി ഐ പികൾക്കിടയിൽ റഷീദ് രാസലഹരിയുടെ വിൽപ്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനാൽ കുറച്ച് നാളുകളായി റഷീദ് പൊലീസിന്റെ നിരീഷണത്തിലായിരുന്നു. ഇന്നലെ രാത്രി ഇയാൾ ലഹരി കച്ചവടത്തിനായി തൊടുപുഴയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് തൊടുപുഴ പൊലീസും ഡി വൈ എസ് പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് ഇയാളുടെ മുറിയിൽ പരിശോധന നടത്തി. പരിശോധനയിൽ അഞ്ച് ഗ്രാമോളം എം ഡി എം എയും .23 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തി.

