കേരളത്തിന് വീണ്ടും ലോക ബാങ്ക് വായ്‌പ; 2458 കോടി രൂപ അനുവദിച്ചത് സംസ്ഥാനത്തെ ഈ പദ്ധതിക്ക്..

സംസ്ഥാനത്തെ ജനങ്ങളുടെ ആയുസും ജീവിത നിലവാരവും മെച്ചപ്പെടുത്താനുള്ള 280 കോടി ഡോളർ (ഏകദേശം 2458 കോടി രൂപ) വായ്പയ്ക്ക് ലോകബാങ്ക് അംഗീകാരം നൽകി. സംസ്ഥാനത്തെ വയോധികരും ആരോഗ്യപരമായി ദുർബലരായവരുടെയും ആയുർദൈർഘ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിക്കാണ് വായ്‌പ അനുവദിച്ചത്. സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രോഗികൾക്ക് വ്യക്തിഗത ഇലക്ട്രോണിക് ട്രാക്കിംഗ് സംവിധാനങ്ങൾ വഴി ചികിത്സയും സുരക്ഷയും ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്റർനാഷണൽ ബാങ്ക് ഓഫ് റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റിൽ (ഐബിആർഡി) നിന്നുള്ളതാണ് വായ്പ. ഇതിന് 25 വർഷത്തെ കാലാവധിയും അഞ്ച് വർഷത്തെ ഗ്രേസ് പീരീഡുമാണുള്ളത്.

വീടുകളിൽ കഴിയുന്ന കിടപ്പുരോഗികളടക്കമുള്ള ദുർബലരായ വയോജനങ്ങൾക്ക് സമഗ്രമായ ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് വീടുകളിലെത്തി ചികിത്സ നൽകുന്ന സംവിധാനം ഇതിൻ്റെ ഭാഗമായി ഒരുക്കും. ലോകബാങ്ക് പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്. കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിക്കാനാവുന്ന സമഗ്രമായ ആരോഗ്യ സംവിധാനം ഇതിൻ്റെ ഭാഗമായി നിർമിക്കുമെന്നാണ് വിവരം. ഇ-ഹെൽത്ത് സേവനം, വിവര ശേഖരണത്തിനായി സംയോജിത പ്ലാറ്റ്ഫോം, സൈബർ സുരക്ഷ ഉറപ്പാക്കിയും കേരളത്തിലെ ഡിജിറ്റൽ ഹെൽത്ത് സിസ്റ്റത്തെ വികസിപ്പിക്കും.

രക്തസമ്മർദ്ദ പരിശോധനയ്ക്ക് കേരളത്തിൽ നിലവിലുള്ള സംവിധാനങ്ങളെ 40 ശതമാനത്തോളം അധികം ശക്തിപ്പെടുത്താനും സ്തനാർബുദ പരിശോധനകൾ 60 ശതമാനത്തോളം ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇതിലൂടെ രോഗബാധിതരുടെ മരണനിരക്ക് നിയന്ത്രിക്കാനാവുമെന്നും ലോക ബാങ്കിന്റെ ഇന്ത്യയിലെ ആക്ടിംഗ് കൺട്രി ഡയറക്ടർ പോൾ പ്രോസി പറയുന്നു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ജന്തുജന്യ രോഗ വ്യാപനത്തെ വേഗത്തിൽ തടയാൻ ശ്രമം നടത്തും. വയനാട്, കോഴിക്കോട്, കാസർഗോഡ്, പാലക്കാട്, ആലപ്പുഴ ജില്ലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ മെച്ചപ്പെടുത്തുന്നതിനും കടുത്ത ചൂടും വെള്ളപ്പൊക്കവും മൂലമുണ്ടാകുന്ന രോഗബാധ തടയാൻ കാലാവസ്ഥാധിഷ്ഠിത പരിഹാരങ്ങൾ സ്വീകരിക്കുകയും ചെയ്യും.

Related Articles

Back to top button