പിഎം ശ്രീയിൽ ചേരാൻ ആദ്യം മുതലേ മന്ത്രി താൽപര്യം പ്രകടിപ്പിച്ചിരുന്നു….എബിവിപി

തിരുവനന്തപുരം: ആദ്യം മുതല്‍ തന്നെ പിഎം ശ്രീ പദ്ധതിയില്‍ പങ്കുചേരാന്‍ മന്ത്രി വി ശിവന്‍കുട്ടി താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വര്‍ പ്രസാദ്. സിപിഐയുടെ എതിര്‍പ്പായിരുന്നു പ്രശ്നമായി നിന്നിരുന്നത്. വിദ്യാഭ്യാസ വകുപ്പിനെ എബിവിപി അഭിനന്ദിക്കുകയാണ്. രാഷ്ട്രീയമില്ലാതെ എല്ലാ കാലത്തും കൂടെയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
അഭിനന്ദനം അറിയിക്കാനാണ് മന്ത്രിയെ കണ്ടത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയല്ല സമരം ചെയ്തതെന്ന് മന്ത്രിയോട് പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലുള്ള പ്രശ്നങ്ങള്‍ ഈ അധ്യയന വര്‍ഷം തന്നെ പരിഹരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയിലെ വികസനത്തിനുവേണ്ടി രാഷ്ട്രീയം മറന്ന് ഒപ്പമുണ്ടാകും. നല്ല കാര്യങ്ങളെ എതിര്‍ത്താല്‍ സമരവുമായി രംഗത്തെത്തുമെന്നും ഈശ്വര്‍ പ്രസാദ് പറഞ്ഞു.




