പിഎം ശ്രീയിൽ വിമർശനവുമായി SFI നേതാക്കൾ…

പിഎം ശ്രീ പദ്ധതിയിൽ കടുത്ത വിമർശനവുമായി എസ്എഫ്‌ഐ നേതാക്കൾ. പിഎം ശ്രീയുടെ ഭാഗമായ ദേശീയ വിദ്യാഭ്യാസ നയത്തിന് എസ്എഫ്‌ഐ എതിരാണെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. എൻഇപിയിലെ വർഗീയ നിലപാട് എതിർക്കപ്പെടേണ്ടതാണ്. വിദ്യാർത്ഥി സമൂഹത്തിന് അപകടമാണത്. എസ്എഫ്‌ഐക്ക് ആശങ്കയുണ്ട്. ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. എൻഇപിയിലെ മോശം കാര്യങ്ങൾ ഒഴിവാക്കി വേണം നടപ്പാക്കാനെന്നും സഞ്ജീവ് പറഞ്ഞു.
വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം ഏത് കോണിൽ നിന്നായാലും തിരുത്തപ്പെടേണ്ടതാണെന്ന് എസ്എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ വ്യക്തമാക്കി. കീഴടങ്ങൽ മരണവും ചെറുത്തുനിൽപ്പ് പോരാട്ടവും ആണ്. സംഘപരിവാർ കീഴടക്കുന്ന വിദ്യാഭ്യാസ മേഖലയെ കുറിച്ച് കേരളത്തിലെ ക്യാമ്പസുകളിലും നാട്ടിൻപുറങ്ങളിലും ചർച്ച ചെയ്തതും സമരം ചെയ്തതും ഞങ്ങൾ മാത്രമാണെന്നും സമൂഹമാധ്യമത്തിലൂടെ ശരത് രവീന്ദ്രൻ പ്രതികരിച്ചു.



