‘സ്വർണപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് മനപ്പൂർവ്വം… ഗൂഢാലോചന നടത്തി; റിമാൻഡ് റിപ്പോർട്ട് പുറത്ത്…

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഔദ്യോഗിക രേഖയില്‍ ചെമ്പെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എഴുതിയത് മനഃപൂര്‍വമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തി. ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
1998ൽ തന്നെ പാളികൾ സ്വർണം പൂശിയതായി മുരാരി ബാബുവിന് വ്യക്തതയുണ്ടായിരുന്നു. സ്വർണ്ണപ്പാളികൾ, രേഖയിൽ ചെമ്പെന്ന് എന്ന് രേഖപ്പെടുത്തിയത് മനപ്പൂർവ്വമാണ്. തട്ടിപ്പിലൂടെ ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തി. മുരാരി ബാബു ക്ഷേത്ര ശ്രീകോവിൽ കട്ടളയിലെ സ്വർണ്ണം കൊള്ള ചെയ്ത കേസിലും പ്രതിയാണെന്നും എസ്ഐടി കോടതിയിൽ പറഞ്ഞു.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ചോദ്യം ചെയ്തു വരികയാണ്. പോറ്റിയിൽനിന്ന് കൂടുതൽ വിവരങ്ങൾ അറിയാനുണ്ടെന്നും അതിനുശേഷം മുരാരിയെ കസ്റ്റഡിയിൽ മതിയെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് രണ്ട് ആഴ്ചത്തേക്ക് കോടതി മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായശേഷം മുരാരി ബാബുവിനെ വിട്ടുകിട്ടാൻ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.



