കൊച്ചി ദർബാർ ഹാളിലെ കലാസൃഷ്ടി നശിപ്പിച്ച സംഭവത്തിൽ 2 പേർക്കെതിരെ കേസ്….

ദർബാർ ഹാളിലെ ആർട്ട് ഗാലറിയിൽ സ്ഥാപിച്ചിരുന്ന കലാസൃഷ്ടി നശിപ്പിച്ച സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. ഹോചിമിൻ, സുധാംശു എന്നിവർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവം സംബന്ധിച്ച് ലളിതകലാ അക്കാദമി നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്നാണ് സൂചന. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്

ഫ്രഞ്ച് കലാകാരിയായ ഹനാൻ ബനാമറിന്‍റെ ഇൻസ്റ്റലേഷൻ കീറിയെറിയുകയായിരുന്നു, ദർബാർ ഹാളിൽ അന്യവൽകൃത ഭൂമിശാസ്ത്രങ്ങൾ എന്ന പേരിൽ നടക്കുന്ന പ്രദർശനത്തിന്‍റെ ഭാഗമായിരുന്നു ഹനാന്‍റെ ഇൻസ്റ്റലേഷൻ. ഇൻസ്റ്റലേഷനിൽ അശ്ലീല ഉള്ളടക്കമുണ്ടെന്നാരോപിച്ച് സാമൂഹ്യമാധ്യമങ്ങളിൽ നടന്ന ചർച്ചകളുടെ തുടർച്ചയായിരുന്നു ഹോചിമിന്‍റെ ആക്രമണം. കലാപ്രവർത്തകനായ സുധാംശുവും ഒപ്പമുണ്ടായിരുന്നു.

നോർവേയിൽ താമസമാക്കിയ ഫ്രഞ്ച് കലാകാരിയാണ് ഹനാൻ ബനാമർ. ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് കൂടിയായ ഹനാൻ, ജീവിതത്തിൽ താൻ നേരിട്ട അധിക്ഷേപങ്ങളാണ് ഗോ ഈറ്റ് യുവർ ഡാഡ് എന്ന ഇൻസ്റ്റലേഷനിൽ പ്രമേയമാക്കിയത്. ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് മലയാളത്തിലേക്ക് മൊഴിമാറ്റിയ ശേഷം പ്രിന്‍റ് മേക്കിങ് രീതിയായ ലിനോകട്ട് ഉപയോഗിച്ച് റൈസ് പേപ്പറിൽ ഒരുക്കിയ ഇൻസ്റ്റലേഷനാണിത്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന അശ്ലീല ഭാഷയെന്ന് ആരോപിച്ചാണ് മലയാളി കലാകാരനായ ഹോചിമിൻ ഇന്നലെ ഈ ഇൻസ്റ്റലേഷൻ കീറിയെറിഞ്ഞത്

Related Articles

Back to top button