തുണി കഴുകിക്കൊണ്ടു നിൽക്കുമ്പോൾ കോഴിക്കൂട്ടിൽ നിന്ന് ശബ്ദം.. ഓടിയെത്തി നോക്കി വീട്ടമ്മ… കവിളിൽ കടിച്ചത്…

തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. ബാലരാമപുരത്തും കോവളത്തുമാണ് ഇന്നലെ രണ്ട് പേർക്കു നേരെ ആക്രമണമുണ്ടായത്. ബാലരാമപുരത്ത് തുണി കഴുകിക്കൊണ്ടു നിന്ന വീട്ടമ്മയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. കട്ടച്ചൽക്കുഴിയിൽ 35 കാരിയായ സുഭദ്രയ്ക്കാണ് കവിളിൽ കടിയേറ്റത്. തുണി കഴുകിക്കൊണ്ടു നിൽക്കവെ കോഴിയുടെ ശബ്ദം കേട്ട് ഓടിയെത്തി നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. വിഴിഞ്ഞം ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലും പ്രാഥമിക ചികിൽസ നൽകി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവളം കെ.എസ് റോഡിലാണ് വനിതാ ഡോക്ടർക്ക് നേരെ തെരുവ് നായയുടെ ആക്രമണമുണ്ടായത്. ആയുർവേദ കേന്ദ്രത്തിൽ ഡ്യൂട്ടിക്ക് ഭർത്താവിനൊപ്പം പോവുകയായിരുന്ന ഡോ. ടിഷയ്ക്ക് നേരെയായിരുന്നു ആക്രമണം. കടിയേറ്റില്ലെങ്കിലും അക്രമാസക്തമായെത്തിയ നായ വസ്ത്രം കടിച്ചു കീറി.

