പാർട്ട്- ടൈം ശാന്തി നിയമനം…തന്ത്ര വിദ്യാലയങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് മതിയെന്ന് ഹൈക്കോടതി….

എറണാകുളം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പാർട്ട്- ടൈം ശാന്തി നിയമനത്തിനുള്ള യോഗ്യതയായി ദേവസ്വം ബോർഡും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡും അംഗീകരിച്ച തന്ത്ര വിദ്യാലയങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് മതിയെന്നത് ശരിവെച്ച് ഹൈക്കോടതി.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പാർട്ട് ടൈം തന്ത്രിമാരുടെ തസ്തികകളിലേക്ക് 2023ൽ അപേക്ഷ ക്ഷണിച്ച് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്ന യോഗ്യത ചോദ്യം ചെയ്ത് അഖില കേരള തന്ത്രി സമാജമാണ് ഹൈക്കോടതിയെ സമീപിച്ചത്.
താന്ത്രിക് വിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളെ വിലയിരുത്താനും അംഗീകാരം നൽകാനുമുള്ള വൈദഗ്ധ്യമോ നിയമപരമായ അധികാരമോ തിരുവിതാംകൂർ ദേവസ്വം ബോർഡിനും കേരള ദേവസ്വം റിക്രൂട്‌മെന്റ് ബോർഡിനും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഖില കേരള തന്ത്രി സമാജത്തിന്‍റെ ഹർജി. ഇതിലാണ് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർണായക നിരീക്ഷണം.



