ആഫ്രിക്കയിലുണ്ടായ ബോട്ട് അപകടത്തില്‍ കാണാതായ കൊല്ലം സ്വദേശി ശ്രീരാഗിൻ്റെ മൃതദേഹം കണ്ടെത്തി….

തിരുവനന്തപുരം: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ട് അപകടത്തില്‍ കാണാതായ മലയാളി കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്‍റെ മൃതേദഹം കണ്ടെത്തി. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരം ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികൃതര്‍ അറിയിച്ചതായി എന്‍കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.

2 മലയാളി യുവാക്കൾ അടങ്ങുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. ‌എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തും കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗുമടക്കം അഞ്ച് ഇന്ത്യക്കാര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചിരുന്നു. അപകടത്തില്‍ മൂന്ന് ഇന്ത്യക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

നാലു വര്‍ഷമായി മൊസാംബിക്കിലെ സ്കോര്‍പിയോ മറൈന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണൻ. ശ്രീരാഗും കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടില്‍ നിന്ന് ജോലിക്കായി മൊസാംബിക്കിലേക്ക് പോയത്. ഭാര്യയും നാലു വയസും രണ്ടു മാസവും പ്രായമുളള കുഞ്ഞു മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമാണ് ശ്രീരാഗ്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. എംടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. അപകടം നടക്കുന്ന സമയം 21 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

Related Articles

Back to top button