‘അച്ഛനില്ലാത്ത പുന്നപ്രയിലെ വീട്ടിലിരിക്കുമ്പോൾ ഉള്ളിലൊരു വിങ്ങലുയരുന്നുണ്ട്’ …

ആലപ്പുഴ: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ പിറന്നാൾ ദിനത്തിൻ്റെ തലേന്ന് വികാരനിർഭരമായ കുറിപ്പുമായി മകൻ വിഎ അരുൺ കുമാർ. തിരുവനന്തപുരത്തെ തിരക്കുകൾ ഒഴിവാക്കി അരുൺ കുമാർ കുടുംബത്തോടൊപ്പം ആലപ്പുഴയിലെ പുന്നപ്ര വീട്ടിലെത്തി. യാത്രകളും യോഗങ്ങളുമായി തിരക്കിലായിരുന്ന അച്ഛനെക്കുറിച്ചും, വി.എസിൻ്റെ ഓർമ്മകളോടുള്ള ആദരവുകളെക്കുറിച്ചും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എല്ലാ പിറന്നാളുകളിലും അച്ഛൻ തങ്ങളോടൊപ്പം ഉണ്ടായിരുന്നില്ലെന്ന് അരുൺ കുമാർ ഓർക്കുന്നു. ‘യാത്രകളും യോഗങ്ങളുമൊക്കെയായി അച്ഛൻ എന്നും തിരക്കിലായിരുന്നു. തിരുവനന്തപുരത്ത് താമസം തുടങ്ങിയ ശേഷവും സ്ഥിതിയിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല, എങ്കിലും, എല്ലാ പിറന്നാളുകൾക്കും വീട്ടിൽ വെച്ച് ചെറിയ തോതിൽ ആഘോഷങ്ങൾ പതിവായിരുന്നുവെന്നും, അദ്ദേഹം കുറിച്ചു.

‘ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് അഞ്ച് വർഷം മുമ്പ് ശയ്യാവലംബിയായതിന് ശേഷം മാത്രമാണ് അച്ഛന്റെ പിറന്നാൾ ദിനത്തിൽ അച്ഛനോടൊപ്പം ചെലവിടാൻ തുടങ്ങിയത്, ഇന്ന് കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് ആലപ്പുഴയിലെ പുന്നപ്ര വീട്ടിലേക്ക് പോയി. ഇവിടെ ഇപ്പോഴും ധാരാളം ആളുകൾ വി.എസിനെ ഓർത്ത് എത്തുന്നുണ്ട്.

അച്ഛൻ്റെ ചുമർ ചിത്രങ്ങൾ തയ്യാറാക്കണമെന്ന കുടുംബത്തിന്റെ ആഗ്രഹം, ലളിതകലാ അക്കാദമിയിലെ സുഹൃത്തുക്കൾ യാഥാർത്ഥ്യമാക്കിയതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. “വലിയ സന്തോഷവും നന്ദിയുമുണ്ട്,” അദ്ദേഹം കുറിച്ചു. കൂടാതെ, അച്ഛൻ്റെ പഴയകാല ചിത്രങ്ങളും വീഡിയോകളും ശേഖരിക്കുന്ന സംരംഭത്തിന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

നാളെ രാവിലെ അമ്മയോടൊപ്പം വലിയ ചുടുകാട്ടിലുള്ള അച്ഛൻ്റെ സ്മൃതിയിടത്തിൽ പോകണം. അതോടൊപ്പം അപ്പച്ചിയുടെ മരണാനന്തര ചടങ്ങുകൾ സംബന്ധിച്ച ക്രമീകരണങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ വരുന്നതുകൊണ്ട് നാളെ പുന്നപ്രയിൽ തങ്ങിയ ശേഷം മറ്റന്നാൾ തിരുവനന്തപുരത്തേക്ക് തിരിച്ചുപോരാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.. ‘അച്ഛനില്ലാത്ത പുന്നപ്രയിലെ വീട്ടിലിരിക്കുമ്പോൾ ഉള്ളിലൊരു വിങ്ങലുയരുന്നുണ്ട്, ഞങ്ങൾക്ക്’ എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Related Articles

Back to top button