പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിവാദത്തിൽ അന്വേഷണം വഴിമുട്ടുന്നു…

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിവാദത്തിൽ അന്വേഷണം വഴിമുട്ടുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച് 53 ദിവസം പിന്നിട്ടിട്ടും പരാതിക്കാരി ഇല്ലാത്തതാണ് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രാഹുലിനെതിരെ ആരോപണം ഉയർത്തിയ യുവതികൾ ആരും തന്നെ പരാതി നൽകാൻ തയ്യാറായിട്ടില്ല. നിർബന്ധിതമായി ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ, പരാതിക്കാരില്ലാതെ അന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാത്ത അവസ്ഥയിലാണ് അന്വേഷണ സംഘം.
രാഹുലിന്റെ പേരുപറയാതെ ആദ്യം ആരോപണം ഉന്നയിച്ച യുവനടിയും പിന്നീട് പരാതി പറഞ്ഞ ട്രാൻസ്‌ജെൻഡർ യുവതിയും പരാതി നൽകാൻ തയ്യാറായില്ല. ഗർഭഛിദ്രത്തിന് രാഹുൽ നിർബന്ധിച്ച യുവതിയും പരാതി നൽകാൻ കൂട്ടാക്കാത്തതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഓഡിയോ സന്ദേശത്തിന്റെ ഉറവിടം തേടിയ അന്വേഷണ സംഘം ആ യുവതിയേയും കണ്ടെത്തിയിരുന്നു. എന്നാൽ, പരാതിയുമായി മുന്നോട്ടു പോകാൻ തയ്യാറല്ല എന്ന നിലപാടിലാണ് ആ യുവതിയും.
ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഓഡിയോയിലെ യുവതിയിൽ നിന്നും പരാതി വാങ്ങിയെടുക്കാൻ മൂന്നുവട്ടം ഐപിഎസ് ഉദ്യോഗസ്ഥ ശ്രമിച്ചെങ്കിലും നടന്നില്ല. ഇനി അന്വേഷണം എങ്ങനെ മുന്നോട്ടുപോകണമെന്ന് അറിയാത്ത അവസ്ഥയിലാണ് ക്രൈംബ്രാഞ്ച് സംഘം.
പരാതി നൽകുന്നവർക്ക് സർക്കാർ സംരക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസിനും ലഭിച്ച 10 പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചതും. 18 മുതൽ 60 വയസ്സുവരെ പ്രായമുള്ള സ്ത്രീകൾ ഉൾപ്പെട്ടുവെന്നും ചിലരെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്നുമായിരുന്നു എഫ്‌ഐആർ.
ലഭിച്ച പരാതികളെല്ലാം മൂന്നാംകക്ഷികളുടേതാണ്. ബാലാവകാശ കമ്മിഷന് പരാതി നൽകിയ അഡ്വ. ഷിന്റോ സെബാസ്റ്റ്യൻ അന്വേഷണസംഘത്തിന് വിശദമായ മൊഴിനൽകിയിരുന്നു. എന്നാൽ, മാധ്യമങ്ങളിൽവന്ന വാർത്തയല്ലാതെ അതിനപ്പുറം ഒരു തെളിവും നൽകാൻ ഈ പരാതിക്കാർക്കായിട്ടില്ല.



