വിവാദങ്ങൾക്കിടെ ജി സുധാകരൻ സിപിഎം വേദിയിലേക്ക്… കുട്ടനാട്ടിൽ ഇന്ന്…
ആലപ്പുഴ: വിവാദങ്ങൾക്കിടെ മുതിർന്ന നേതാവ് ജി സുധാകരനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സിപിഎം പരിപാടി ഇന്ന് കുട്ടനാട്ടിൽ നടക്കും. വർഷങ്ങൾക്ക് ശേഷമാണ് ജി സുധാകരനെ പാർട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിക്കുന്നത്. പാർട്ടിയുടെ പോഷക സംഘടനയായ കെഎസ്‌കെടിയുവിൻറെ മുഖമാസിക ‘കർഷക തൊഴിലാളി’യുടെ വി എസ് അച്യുതാനന്ദൻ സ്മാരക പുരസ്കാര സമർപ്പണമാണ് പരിപാടി. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പരിപാടിയിൽ പങ്കെടുക്കും. നേതൃത്വവുമായി പരസ്യ പോരിലേക്ക് കടന്ന ജി സുധാകരനെ കഴിഞ്ഞ ദിവസം വീട്ടിൽ എത്തി നേതാക്കൾ അനുനയിപ്പിക്കുകയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാതയും ജില്ലാ സെക്രട്ടറി ആർ നാസറും നേരിട്ടെത്തിയായിരുന്നു പരിപാടിക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ചു പരിപാടിയിൽ പങ്കെടുക്കുമെന്ന് ജി സുധാകരൻ അറിയിച്ചു.



