മരുതിമലയിൽ നിന്ന് പെൺകുട്ടികൾ താഴേക്ക് വീണ സംഭവം… കൂടുതൽ വിവരങ്ങൾ പുറത്ത്..

പത്തനംതിട്ട അടൂരിൽ നിന്ന് കാണാതായ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളിൽ ഒരാളെ കൊല്ലം മുട്ടറ മരുതിമലയുടെ അടിവാരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സൂചന. പെൺകുട്ടികൾ മലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇവരുടെ സ്കൂൾ ബാ​ഗിലെ ബുക്കിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. അടൂർ കടമ്പനാട് മേപ്പറത്ത് ഇടുപ്പര വീട്ടിൽ വിനുവിന്റെയും ദീപയുടെയും മകൾ മീനുവാണ് (13) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുണ്ടപ്പള്ളി പെരിങ്ങാന ശാലിനി ഭവനത്തിൽ സുകുവിന്റെ മകൾ ശിവർണ (14) ​ഗുരുതര പരിക്കുകളോടെ മിയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

രണ്ട് വിദ്യാർത്ഥിനികളും ഉച്ചമുതലേ പാറയ്ക്കുമുകളിൽ ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പാറയുടെ മുകളിൽ സുരക്ഷാവേലിക്ക് 30 മീറ്റർ മാറി അപകടകരമായി ഇരിക്കുന്ന വിദ്യാർത്ഥിനികളെ, മുട്ടറ ജങ്ഷനിൽ നിൽക്കുകയായിരുന്ന യുവാവ് കണ്ടു. ഇയാൾ പൊലീസിൽ വിവരമറിയിച്ചു. ഉടൻ എത്താമെന്നും ശ്രദ്ധിക്കണമെന്നും പൊലീസ് നിർദേശിച്ചതായി യുവാവ് പറഞ്ഞു.

മലമുകളിലുണ്ടായിരുന്ന സെക്യൂരിറ്റി വിവരമറിഞ്ഞെത്തി കുട്ടികളോട് സംസാരിക്കുന്നതിനിടെ ഇവർ താഴേക്ക് ചാടുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. രണ്ടു കുട്ടികളും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ഒരാൾ അബോധാവസ്ഥയിലും. ഇരുവരെയും മിയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മീനു മരിച്ചിരുന്നു.

പിന്നീട് നടത്തിയ അന്വേഷമത്തിൽ കുട്ടികളുടെ സ്‌കൂൾ ബാഗുകൾ പെരിങ്ങനാട് സ്‌കൂളിനു സമീപത്തുള്ള കടയിൽനിന്ന് ലഭിച്ചു. കടയുടെ ഭാഗത്തുനിന്ന കുട്ടികൾ ബാഗ് ഇവിടെവെച്ച് പോവുകയായിരുന്നെന്ന് സംശയിക്കുന്നു. സ്‌കൂൾ ബാഗിലുണ്ടായിരുന്ന ബുക്കിൽ കുട്ടികൾ പോകുന്നതുമായി ബന്ധപ്പെട്ടുള്ള ചില സൂചനകൾ നൽകിയിട്ടുള്ളതായാണ് വിവരം. ബാഗും ബുക്കും പൊലീസ് കസ്റ്റഡിയിലാണ്. വീട്ടിൽനിന്ന് രാവിലെ സ്‌കൂളിലേക്കുപോയ കുട്ടികളെ തിരക്കി രക്ഷിതാക്കൾ സ്‌കൂളിൽ എത്തിയിരുന്നു. അപ്പോഴാണ് കുട്ടികൾ സ്‌കൂളിൽ ഇല്ലെന്ന വിവരം മനസ്സിലാകുന്നത്.

Related Articles

Back to top button