ട്രെയിൽ യാത്രാ തീയതി മാറ്റുമ്പോൾ കാൻസലേഷൻ ഫീസില്ല…വരുന്നു മാറ്റങ്ങള്‍ ഇവ….

മുൻകൂട്ടി ബുക്ക് ചെയ്ത തീവണ്ടി ടിക്കറ്റിലെ യാത്രാ തീയതി ഓൺലൈനായി മാറ്റുന്നതിനുള്ള സൗകര്യം ജനുവരി മുതൽ നടപ്പാകുമെന്ന് റെയിൽവേ അടുത്തിടെ അറിയിച്ചിരുന്നു. ഇത് പ്രകാരം ടിക്കറ്റ് റദ്ദാക്കാതെതന്നെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിയെടുക്കാം.

യാത്രാ തീയതി മാറ്റുന്നതിന് ടിക്കറ്റ് റദ്ദാക്കി പുതിയ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന നിലവിലുള്ള കടമ്പ ഇതോടെ ഒഴിവാകും എന്നതാണ് ഇതിലുള്ള പ്രയോജനം. ഈ സംവിധാനത്തിന്‍റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കണ്‍ഫോം ആയ ടിക്കറ്റുകളുടെ യാത്രാതീയതി മാറ്റുമ്പോള്‍ കാന്‍സലേഷന്‍ ചാര്‍ജ് നല്‍കേണ്ടതില്ലെന്ന് റെയിൽവേ വ്യക്തമാക്കുന്നു. സീറ്റ് ലഭ്യതയും ടിക്കറ്റ് ചാര്‍ജും പരിഗണിച്ചായിരിക്കും പുതിയ യാത്രാ തീയതി തിരഞ്ഞെടുക്കാനാകുക. ആദ്യം ബുക്ക് ചെയ്ത ടിക്കറ്റിനേക്കാള്‍ കൂടുതലാണ് പുതുതായി ലഭിക്കുന്ന ടിക്കറ്റിന്റെ നിരക്കെങ്കില്‍ കൂടുതലായിവരുന്ന തുക നല്‍കണം. ആദ്യത്തേതിനേക്കാള്‍ കുറവാണെങ്കില്‍ ബാക്കി തുക മടക്കി കിട്ടില്ല.

പതിവ് യാത്രക്കാർക്കും അവസാന നിമിഷം യാത്ര മാറ്റേണ്ടിവരുന്നവർക്കുമാണ് പുതിയ സംവിധാനം ഏറ്റവുംകൂടുതൽ പ്രയോജനം ചെയ്യുക. നിലവിൽ തീവണ്ടി പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർവരെ മുൻപാണെങ്കിൽ നിരക്കിന്റെ 25 ശതമാനം യാത്രക്കാരന് നഷ്ടമാകും. തീവണ്ടി പുറപ്പെടുന്നതിന് 12 മുതൽ നാല് മണിക്കൂർവരെ മുൻപാണെങ്കിൽ 50 ശതമാനംവരെ നഷ്ടമണ്ടാകും. ചാർട്ട് പ്രസിദ്ധീകരിച്ച ശേഷമാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ പണം തിരികെ ലഭിക്കുകയുമില്ല.

Related Articles

Back to top button