60 പേർക്ക് ഛർദിയും വയറിളക്കവും.. വെള്ളമെടുക്കുന്നത് ഒരേ കിണറ്റിൽ നിന്ന്.. പരിശോധിച്ചപ്പോൾ…

150 കുടുംബങ്ങളിൽ നിന്നുള്ള 60 പേർക്ക് ഛർദിയും വയറിളക്കവും ബാധിച്ചു. ഈ കുടുംബങ്ങൾ വെള്ളമെടുത്തിരുന്നത് പഞ്ചായത്തിലെ ഒരേ കിണറ്റിൽ നിന്നാണെന്ന് വ്യക്തമായതോടെ വെള്ളത്തിൻറെ സാമ്പിൾ പരിശോധിച്ചു. പരിശോധനയിൽ വെള്ളം മലിനമാണെന്ന് കണ്ടെത്തി. ഇതോടെ കിണർ പരിശോധിച്ചപ്പോൾ കിണറ്റിൽ നാല് പ്രാവുകളെ ചത്ത നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ രജോള ഗ്രാമത്തിലാണ് സംഭവം.

ചിന്ദ്വാര സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഹേംകരൺ ധ്രുവ് പറഞ്ഞതിങ്ങനെ- “കുറേപ്പേർ രോഗബാധിതരായതോടെ 150 കുടുംബങ്ങളിലുള്ളവരെ പരിശോധിച്ചു. കിണറ്റിൽ നിന്ന് വെള്ളത്തിൻറെ സാമ്പിൾ എടുത്തപ്പോൾ മലിനമായതായി കണ്ടെത്തി. കിണറ്റിൽ നാല് പ്രാവുകളെ ചത്ത നിലയിൽ കണ്ടെത്തി. ഉടൻ തന്നെ കിണർ അടച്ചു. ഇനി കിണറ്റിലെ വെള്ളം വറ്റിച്ച ശേഷമേ ഉപയോഗിക്കൂ”

ആരുടെയും നില ഗുരുതരമല്ല. അടുത്ത മൂന്ന് ദിവസം മെഡിക്കൽ ക്യാമ്പ് സജ്ജമാക്കുമെന്ന് എസ് ഡി എം അറിയിച്ചു. പഞ്ചായത്ത് കിണറിൻറെ ശുചിത്വം ഉറപ്പാക്കാത്തതിന് ഗ്രാമപഞ്ചായത്തിൻറെയും പമ്പ് ഓപ്പറേറ്റർമാരുടെയും സെക്രട്ടറിയുടെയും പേരിൽ നടപടിയെടുക്കുമെന്ന് എസ് ഡി എം പറഞ്ഞു.

Related Articles

Back to top button