ദീപാവലി ഓഫർ; ഒരു രൂപക്ക് ഒരു മാസം ഇന്റർനെറ്റ് നൽകാനൊരുങ്ങി ബിഎസ്എൻഎൽ

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) പുതിയ ഉപഭോക്താക്കൾക്ക് ഒരു മാസത്തെ സൗജന്യ 4ജി സേവന ഓഫർ വാഗ്ദാനം ചെയ്തു. ദീപാവലി പ്രമാണിച്ച് പുതിയ ബിഎസ്എൻഎൽ കണക്ഷൻ എടുക്കുന്നവർക്ക് വെറും ഒരു രൂപ ചെലവിൽ ഒരു മാസത്തേക്ക് പ്രതിദിനം രണ്ട് ജിബി ഇന്റെർനെറ്റാണ് നൽകുന്നത്.

ഒക്ടോബർ 15 നും നവംബർ 15 നും ഇടയിൽ 4ജി സേവനങ്ങൾ നൽകുന്നതിന് പുതിയ ഉപഭോക്താക്കളിൽ നിന്ന് ടോക്കണായി 1 രൂപ മാത്രമേ ഈടാക്കൂ എന്ന് ബിഎസ്എൻഎൽ പ്രസ്താവനയിൽ പറയുന്നു. അൺലിമിറ്റഡ് വോയ്‌സ് കോൾ, പ്രതിദിനം 100 എസ്എംഎസ്, എന്നിവയാണ് ഒരു മാസത്തേക്ക് ലഭിക്കുക. താൽപര്യമുള്ളവർ ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്ററിൽ പോയി ദീപാവലി ബൊണാൻസ പ്ലാൻ ആവശ്യപ്പെടണം.

കെവൈസി നടപടിക്രമങ്ങൾക്ക് ശേഷം സിം ലഭിക്കും. സിം ആക്ടിവേറ്റ് ആകുന്ന ദിവസം മുതൽ 30 ദിവസത്തേക്കായിരിക്കും ആനുകൂല്യങ്ങൾ ലഭിക്കുക. കൂടുതൽ വരിക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങളോട് അ‌നുബന്ധിച്ച ആസാദി കാ പ്ലാൻ എന്ന പേരിൽ അ‌വതരിപ്പിച്ച ഒരു രൂപയുടെ പ്ലാൻ തന്നെയാണ് പുനരവതരിപ്പിച്ചിരിക്കുന്നത്.

വലിയ പരസ്യങ്ങളൊന്നും ഇല്ലാതെ തന്നെ ആളുകളെ ബിഎസ്എൻഎല്ലിലേക്ക് ആകർഷിക്കാൻ ഒരു രൂപ ഓഫറിലൂടെ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ വില വച്ച് നോക്കിയാൽ ഇത്രയും ആനുകൂല്യങ്ങൾക്ക് ചുരുങ്ങിയത് 200 രൂപയ്ക്ക് മുകളിൽ വില വരുന്നതാണ്.

‘ആത്മനിർഭർ ഭാരത് എന്ന ദർശനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ബിഎസ്എൻഎൽ അടുത്തിടെ രാജ്യത്തുടനീളം ഒരു മെയ്ക്ക്-ഇൻ-ഇന്ത്യ, അത്യാധുനിക 4G മൊബൈൽ നെറ്റ്‌വർക്ക് വിന്യസിച്ചു. ആദ്യ 30 ദിവസത്തേക്ക് സർവീസ് ചാർജുകൾ പൂർണ്ണമായും സൗജന്യമായ ദീപാവലി ബൊനാൻസ പ്ലാൻ – ഞങ്ങളുടെ തദ്ദേശീയമായി വികസിപ്പിച്ച 4G നെറ്റ്‌വർക്ക് അനുഭവിക്കാൻ ഉപഭോക്താക്കൾക്ക് അഭിമാനകരമായ അവസരം നൽകുന്നു’ ബിഎസ്എൻഎൽ സിഎംഡി എ. റോബർട്ട് ജെ. രവി പറഞ്ഞു.

Related Articles

Back to top button