കണ്ണൂർ തീരത്ത് ഡോൾഫിനുകളുടെ ജഡം കണ്ടെത്തിയ സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്..വയറ്റിലും മറ്റും..

കണ്ണൂർ തീരത്ത് രണ്ടിടങ്ങളിലായി ഡോൾഫിനുകൾ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഡോൾഫിനുകൾ ചത്തത് ഗുരുതരമായ മുറിവുകളേറ്റാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആൺ ഡോൾഫിനും പെൺ ഡോൾഫിനുമാണ് ചത്തത്. കപ്പലോ ബോട്ടോ ഇടിച്ചാകാം അപകടം നടന്നതെന്നാണ് വെറ്ററിനറി വിദഗ്ധരുടെ അഭിപ്രായം.

പയ്യാമ്പലം പ്രണവം ബീച്ച് റിസോർട്ടിനു മുൻവശത്തായാണ് പെൺ ഡോൾഫിന്റെ ജഡം കണ്ടെത്തിയത്. ഇവിടെ നിന്നും രണ്ട് കിലോമീറ്റർ അകലെയായി നിർക്കടവ് ശാന്തിതീരം ശ്മശാനത്തിനടുത്താണ് ആൺ ഡോൾഫിന്റെ ജഡം കണ്ടെത്തിയത്. ഇന്നലെയാണ് പയ്യാമ്പലം , നീർക്കടവ് മേഖലകളിലായി രണ്ട് ഡോൾഫിനുകൾ കരക്കടിഞ്ഞത്. മൂന്ന് ദിവസത്തോളം പഴക്കം തോന്നിക്കുന്ന ജഡമായിരുന്നു. വയറിലും മറ്റും ഏറ്റ മുറിവുകളെ തുടർന്നാണ് ഡോൾഫിനുകൾ ചത്തതെന്ന് പോസ്റ്റ്മോർട്ടം നടത്തിയ വെറ്ററിനറി ഡോക്ടർ പറഞ്ഞു.

പെൺ ഡോൾഫിന് രണ്ടേകാൽ മീറ്റർ നീളവും 100 കിലോയോളം ഭാരവുമുണ്ട്. ആഴത്തിലുള്ള മുറിവേറ്റ് കുടൽമാല പുറത്ത് ചാടിയ നിലയിലായിരുന്നു. ആൺ ഡോൾഫിന് ഒന്നര മീറ്റർ നീളവും 40 കിലോ തൂക്കവുമുണ്ട്. തലയ്ക്ക് പരിക്കേറ്റ് ഒരു വശത്തെ കണ്ണ് തകർന്ന നിലയിലായിരുന്നു.

അതേസമയം തീരമേഖലയിൽ ഇത്തരത്തിൽ വൻ മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നത് സമീപകാലത്ത് പതിവായിരിക്കുകയാണ്. മറ്റൊരു സംഭവത്തിൽ ഈ വർഷം ജൂലൈയിൽ ഡോൾഫിനുകളും കേരള തീരത്ത് ചത്തടിഞ്ഞിരുന്നു. അറബിക്കടലിൽ മുങ്ങിയ ചരക്കു കപ്പൽ ‘എംഎസ്‌സി എൽസ 3’ ൽ നിന്നുള്ള രാസമാലിന്യങ്ങൾ മൂലമാണോ മീനുകൾ ചത്തതെന്ന സംശയം ഉയർന്നിരുന്നു.

Related Articles

Back to top button