‘എന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത്കോൺഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയത്, പറയാനുള്ളത് ഒരു ദിവസം പറയും’.. ചാണ്ടി ഉമ്മൻ…
തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍ .അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചു.പാർട്ടി തീരുമാനമെടുത്ത സാഹചര്യത്തിൽ അംഗീകരിക്കുകയാണ് ശരിയായ രീതി.അന്ന് യൂത്ത് കോൺഗ്രസ് ഔട്ട് സെൽ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ താൻ ഒന്നും പറഞ്ഞില്ല.പക്ഷേ തനിക്ക് പറയാനുള്ളത് ഒരു ദിവസം പറയും.. പിതാവിന്റെ ഓർമ്മ ദിവസമാണ് തന്നെ യൂത്ത് കോൺഗ്രസിന്റെ സ്ഥാനത്തുനിന്ന് നീക്കിയത്.അന്ന് തനിക്കും വളരെയധികം മാനസിക വിഷമം ഉണ്ടായി.ഒരു ചോദ്യം പോലും ചോദിക്കാതെയാണ് തന്നെ ഒഴിവാക്കിയത്.ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ താൻ രാജിവെച്ച് ഒഴിയുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
അബിൻ വർക്കി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള യുവ നേതാവാണ്.യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോള്‍ അതിന് വേദന ഉണ്ടാവുക സ്വാഭാവികമാണ്.പാർട്ടിയുടെ തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.പാർട്ടി തീരുമാനങ്ങൾ ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെങ്കിലും അംഗീകരിക്കണം.അബിൻ വർക്കി കൂടുതൽ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണ്.പുനഃസംഘടനയിൽ അബിന്റെ കൂടി അഭിപ്രായം മാനിച്ചു വേണമായിരുന്നു തീരുമാനമെടുക്കാൻ. അങ്ങനെ ഉണ്ടായില്ല.നിലവിൽ തീരുമാനമെടുത്ത സാഹചര്യത്തിൽ പാർട്ടിയുടെ തീരുമാനത്തിനൊപ്പം നിൽക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം യൂത്ത് കോൺഗ്രസ് സംസ്ഥാന പുനഃസംഘടനയിൽ പ്രതികരിക്കാതെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഒഴിഞ്ഞുമാറി.അബിൻ വർക്കിയെ അവഗണിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഒ ജെ ജനീഷിനെ പരിഗണിച്ചതിനെ കുറിച്ചുള്ള ചോദ്യത്തോടാണ് ചെന്നിത്തല മുഖം തിരിച്ചത്. യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിച്ചതിൽ അബിൻ വർക്കിയെ ഒതുക്കി എന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകാതെ ചെന്നിത്തല ഒഴിഞ്ഞുമാറുകയായിരുന്നു. അതൊക്കെ ചാണ്ടി പറയുമെന്ന് പറഞ്ഞ് ചാണ്ടി ഉമ്മനെ ഉത്തരം പറയാന്‍ ഏൽപ്പിച്ചാണ് ചെന്നിത്തല രക്ഷപ്പെട്ടത്.