തദ്ദേശ തിരഞ്ഞെടുപ്പ്.. മുതിർന്ന നേതാക്കളെ ഇറക്കി നഗരസഭകളും കോർപ്പറേഷനുകളും പിടിക്കാൻ BJP…
തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭകളും കോർപ്പറേഷനുകളും പിടിക്കാൻ മുതിർന്ന നേതാക്കൾക്ക് പ്രത്യേക ചുമതല നൽകി ബിജെപി. ഒപ്പം നിയമസഭാ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിർദ്ദേശം. നേതാക്കൾ മത്സരിക്കുന്ന നിയമസഭാ മണ്ഡലങ്ങളെ സംബന്ധിച്ചും പ്രാഥമിക ധാരണയായി. ഇതുമായി ബന്ധപ്പെട്ട ബിജെപി സർക്കുലർ ഇറക്കി.തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ഷെയർ 25 ശതമാനമായി ഉയർത്തുകയെന്നതാണ് കേന്ദ്രനേതൃത്വം നൽകിയിരിക്കുന്ന ലക്ഷ്യം. കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിക്കുകയെന്ന കർത്തവ്യം ബിജെപിക്കുണ്ട്.
നേതാക്കളുടെ സാന്നിധ്യവും പരിചയസമ്പത്തും കഴിവും പ്രയോജനപ്പെടുത്തണം. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ മീറ്റ് ദി ലീഡർ പരിപാടി സംഘടിപ്പിക്കാൻ ജില്ലാ പ്രസിഡന്റുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ ചുമതല പ്രധാന നേതാക്കൾക്കാർക്കും നൽകാത്തതിൽ അതൃപ്തിയുണ്ട്.
തിരുവനന്തപുരം കോർപ്പറേഷനിൽ രാജീവ് ചന്ദ്രശേഖറിനാണ് ചുമതല. വർക്കല മുൻസിപ്പാലിറ്റി, കഴക്കൂട്ടം നിയമസഭ മണ്ഡലത്തിന് വി മുരളീധരനും ചെങ്ങന്നൂർ, മാവേലിക്കര മുൻസിപ്പാലിറ്റി കുമ്മനം രാജശേഖരനുമാണ് ചുമതല നൽകിയിരിക്കുന്നത്.പന്തളം മുൻസിപ്പാലിറ്റി, കാട്ടാക്കട നിയമസഭാ മണ്ഡലം- പി കെ കൃഷ്ണദാസ്, തൃശ്ശൂർ കോർപ്പറേഷൻ- സുരേഷ് ഗോപി, കോഴിക്കോട് കോർപ്പറേഷൻ- കെ സുരേന്ദ്രൻ, കൊച്ചി കോർപ്പറേഷൻ- ജോർജ് കുര്യൻ, കണ്ണൂർ കോർപ്പറേഷൻ- എ പി അബ്ദുള്ളക്കുട്ടി, തലശ്ശേരി മുൻസിപ്പാലിറ്റി- സി സദാനന്ദൻ, കൊല്ലം കോർപ്പറേഷൻ,കായംകുളം ഹരിപ്പാട് മുനിസിപ്പാലിറ്റികൾ- ശോഭ സുരേന്ദ്രൻ, തിരുവല്ല മുൻസിപ്പാലിറ്റി, തിരുവല്ല നിയമസഭാ മണ്ഡലം- അനൂപ് ആന്റണി എന്നിവർക്കും ചുമതല നൽകി.