ആരും കൂടെ ഇല്ലാത്തപ്പോള്‍ ഹൃദയാഘാതം സംഭവിച്ചാൽ എന്തു ചെയ്യണം?.. ഇത് ശ്രദ്ധിക്കൂ…
ഹൃദയാഘാതം മുന്നറിയിപ്പുകൾ ഒന്നുമില്ലാതെയാണ് പലപ്പോഴും വരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഒറ്റയ്ക്കാണെങ്കിൽ ആശങ്ക ഇരട്ടിയാണ്. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ പെട്ടെന്നുള്ള ഹൃദയാഘാതം മൂലം കൂടുതൽ മരണങ്ങൾ സംഭവിച്ചത് ഒറ്റയ്ക്കിരിക്കുമ്പോളാണെന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്. ഹൃദയാഘാതത്തിന് മുൻപ് ശരീരം നൽകുന്ന ചില സൂചനകൾ തിരിച്ചറിയാതെ പോകുന്നതാണ് ആവശ്യമായ ചികിത്സ ലഭിക്കാതെ വരുന്നതിനുള്ള പ്രധാന കാരണം.
ദിവസങ്ങൾ മുമ്പോ മണിക്കൂറുകൾ മുമ്പോ ഇതിന്‍റെ ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിച്ചു തുടങ്ങുന്നു. ചെറിയ രീതിയിലുള്ള നെഞ്ച് വേദന, ക്ഷീണം, ദഹനക്കുറവ് എന്നിവ അനുഭവപ്പെടാം. ചിലർക്ക് പെട്ടന്നുള്ള നെഞ്ച് വേദനയോ ശ്വാസതടസ്സമോ അനുഭവപ്പെടാം. ഇത്തരം അവസരങ്ങളിൽ പ്രഥമ ശുശ്രൂഷയിലൂടെ ഒരു ജീവൻ രക്ഷിക്കാൻ സാധിക്കും.
ഭൂരിഭാഗം ആൾക്കാർക്കും നേരത്തെ തന്നെ ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. എന്നാൽ പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ നിസാരമാക്കുകയാണ് പതിവ്. ഏറ്റവും സാധാരണമായ ലക്ഷണം നെഞ്ചിലെ സമ്മർദമോ നെഞ്ചിൽ അനുഭവപ്പെടുന്ന ഭാരമോ ആണ്. ഈ വേദന താടിയെല്ല്, കഴുത്ത്, തോൾ, കൈ അല്ലെങ്കിൽ പുറം എന്നിവിടങ്ങളിലേക്ക് വ്യാപിച്ചേക്കാം.ശ്വാസതടസം, ഓക്കാനം, തലകറക്കം, വിയർക്കൽ എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. പ്രമേഹരോഗികൾക്കും സ്ത്രീകൾക്കും ഇവയിൽ നിന്നും വ്യത്യസ്തമായി ദഹനക്കേട്, ക്ഷീണം, പുറം വേദന എന്നിങ്ങനെ അസാധാരണ ലക്ഷണങ്ങൾ പ്രകടിപ്പിക്കാം. ഇത്തരം ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയുകയും ആവശ്യമായ വൈദ്യ സഹായം ലഭ്യമാക്കുകയുമാണ് ആദ്യ ഘട്ടം.
ഹൃദയാഘാതമെന്ന് സംശയം തോന്നിയാൽ ഉടനടി എമർജൻസി നമ്പറിൽ ബന്ധപ്പെടുക (108). വൈദ്യ സഹായം വൈകിപ്പിക്കുന്നത് ആരോഗ്യം കൂടുതൽ മോശമാകാൻ കാരണമാകും. ഒറ്റയ്ക്കാണെങ്കിൽ, ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ അയൽവാസി അല്ലെങ്കിൽ പെട്ടെന്ന് എത്താൻ കഴിയുന്നവരെയോ വിവരം അറിയിക്കുക. ഒറ്റക്ക് വാഹനം ഓടിക്കുന്നത് ഈ സാഹചര്യത്തിൽ ഒഴിവാക്കുക.
സഹായത്തിനായി ബന്ധപ്പെട്ട ശേഷം, കഴിയുന്നത്ര ശാന്തമായി ബാക്ക് സപ്പോർട്ട് ഉള്ളയിടത്ത് നിവർന്ന് ഇരിക്കുക. കാലുകൾ തറയിൽ ഉറപ്പിച്ചു വയ്ക്കുക. ഇത് ഹൃദയത്തിന് സമ്മർദം കുറയ്ക്കാൻ സഹായിക്കും. മലർന്ന് കിടക്കുകയോ നടക്കുകയോ ചെയ്യരുത്. ഓരോ ചലനവും ഹൃദയത്തിൽ ഓക്സിജന്റെ ആവശ്യകത വർധിപ്പിക്കുന്നു. ഇത് അവസ്ഥ കൂടുതൽ വഷളാക്കും. സഹായം എത്തുന്നത് വരെ ശാന്തമായി തുടരാൻ സാവധാനത്തിൽ ഡീപ് ആയി ശ്വസിക്കാൻ ശ്രമിക്കുക.ആസ്പിരിൻ ലഭ്യമാണെങ്കിൽ 300 മില്ലിഗ്രാം അടിയന്തര സേവനങ്ങളെ അറിയിച്ച ശേഷം ടാബ്‌ലെറ്റ് പതുക്കെ ചവക്കുക. ആസ്പിരിൻ രക്തം നേർപ്പിക്കാൻ സഹായിക്കുന്നു. കൊറോണറി ധമനികളിൽ കൂടുതൽ കട്ടപിടിക്കുന്നത് തടയുന്നു. പ്രത്യേകം ഓർക്കുക, ആസ്പിരിൻ അലർജി ഉള്ളവർ ഈ സന്ദർഭത്തിൽ ഡോക്ടറുടെ നിർദേശമില്ലാതെ കഴിക്കരുത്.
അറ്റാക്ക് എന്ന സംശയം തോന്നുമ്പോൾ പലരും ചെയ്യുന്നതാണ് കഫ് സിപിആർ. അതായത് ശക്തിയായ തുടര്‍ച്ചയായി ചുമക്കുകയെന്നത്. ഇതു പോലെ ചെയ്യുമ്പോള്‍ രക്തപ്രവാഹം ഉണ്ടാകാന്‍ സഹായിക്കുന്നുമെന്നാണ് ധാരണ. എന്നാൽ ഇത് അപകടമാണ്. സിപിആർ നൽകേണ്ടത് മറ്റൊരാളാണ്.