ഓട്ടോ കൂലി 30 രൂപ, ചില്ലറ ചോദിച്ച ഡ്രൈവറെ യാത്രക്കാർ കുത്തി വീഴ്ത്തി.. ഒരാളെ പിടികൂടി…
ചില്ലറ ചോദിച്ച ഓട്ടോ ഡ്രൈവറെ യാത്രക്കാര്‍ കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി. ആക്രമി സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ്റ്റാന്‍ഡ് പാര്‍ക്കിലെ ഓട്ടോ ഡ്രൈവര്‍ കോട്ടപ്പടി പിള്ളക്കാട് സ്വദേശി കൈതക്കാട്ട് മധുസൂദനനാണ് മര്‍ദ്ദനത്തിനിരയായത്. ഒറ്റപ്പാലം സ്വദേശി ബാബുവിനെയാണ് ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഓട്ടോ കൂലിയായി 30 രൂപ ചില്ലറ ആവശ്യപ്പെട്ടപ്പോള്‍ യാത്രക്കാരിലൊരാൾ സഞ്ചിയില്‍നിന്ന് കത്തിയെടുത്ത് വീശുകയായിരുന്നുവെന്ന് മധുസൂദനന് പറഞ്ഞു. തടയാന്‍ ശ്രമിച്ചതോടെ കൈവിരലുകള്‍ മുറിഞ്ഞു. മുഖത്തും ചെവിയിലും പരിക്കുണ്ട്. ആക്രമണത്തിനിടെ മധുസൂദനന് വിവരം മറ്റു ഡ്രൈവര്‍മാരെ ഫോണില്‍ വിളിച്ചറിയിച്ചു. ഓട്ടോ ഡ്രൈവര്‍മാരെത്തി ബാബുവിനെ പിടികൂടി പൊലീസിന് കൈമാറി. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.
ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ബിഎംഎസ് ഗുരുവായൂര്‍ യൂണിറ്റ് സെക്രട്ടറിയാണ് മധുസൂദനന്. സംഭവത്തില്‍ ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ഗുരുവായൂര്‍ യൂണിറ്റ് പ്രതിഷേധം രേഖപ്പെടുത്തി. അക്രമി സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.