ജാമ്യം നൽകാതിരിക്കാനുള്ള നീക്കം നടന്നു, സമരവുമായി മുന്നോട്ട് പോകും..
ശബരിമല സ്വർണപ്പാളി വിവാദത്തിൽ സംഘടിപ്പിച്ച മാർച്ചുമായി ബന്ധപ്പെട്ട് സർക്കാർ തനിക്കെതിരെ എടുത്തത് കള്ളക്കേസെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സർക്കാർ കള്ളകേസിൽ പെടുത്തി ജയിലിൽ അടച്ചു. പൊലീസ് അതിക്രൂരമായ അടിച്ചമർത്തൽ നടത്തിയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. 10 ദിവസമായി തടവറയിൽ കഴിയുകയായിരുന്നു. ജാമ്യം നൽകാതിരിക്കാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിയെന്നും പെൺകുട്ടികളുടെ മുഖം പോലും ഇടിച്ച് ചോര വരുത്തുന്ന സമീപനമാണ് പൊലീസ് നടത്തിയതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
കാലിക്കറ്റ് എയർപോട്ടിൽ സിപിഐഎമ്മിൻ്റെ തില്ലങ്കേരി സംഘം സ്വർണ്ണം പൊട്ടിക്കുന്നത് പോലെയാണ് സിപിഐഎം ക്ഷേത്രങ്ങളിലെ സ്വർണ്ണം മോഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ അയ്യപ്പനോടുള്ള വിശ്വാസത്തെ വിൽപന ചരക്കാക്കി കൊണ്ട് അവിടെ നിന്ന് മോഷണം നടത്തിയെന്നും ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രതികരിച്ചു. സിപിഐഎം ബിജെപി അന്തർധാര അയ്യപ്പനായി പുറത്തുകൊണ്ടുവന്നു. മുഖ്യമന്ത്രിയുടെ മകനയച്ച സമൻസ് വരെ പുറത്തുവന്നു. ബിജെപിയും സിപിഐഎമ്മും ചേർന്നാണ് ഇത് മൂടിവെച്ചത്. മറ്റൊരു ബിജെപി ഇതര മുഖ്യമന്ത്രിക്കും ലഭിക്കാത്ത പ്രിവിലേജ് പിണറായി വിജയന് ലഭിക്കുന്നുണ്ടെന്നും കേരളം ഭരിക്കുന്നത് എൻഡിഎൽഎഫ് ആണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.