‘അബിന്‍ വര്‍ക്കിയെ ഒഴിവാക്കിയത് നീതികേട്’.. രാഹുൽ ഗാന്ധിക്ക് പരാതി നൽകി.. കോണ്‍ഗ്രസിന് പുതിയ തലവേദനയാകുമ്പോള്‍…
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പ്രഖ്യാപനം കോണ്‍ഗ്രസിന് പുതിയ തലവേദനയാകുന്നു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഐ ഗ്രൂപ്പ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഐ ഗ്രൂപ്പ് പരാതി നല്‍കി. അബിന്‍ വര്‍ക്കിയെ ഒഴിവാക്കിയത് നീതികേടെന്നാണ് പരാതി. സംഘടനാ തിരഞ്ഞെടുപ്പിനെ നോക്കുകുത്തിയാക്കിയെന്നും പരാതിയില്‍ പറയുന്നു. വര്‍ക്കിംഗ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കാമായിരുന്നെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ നിലവില്‍ വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്നാണ് ഐ ഗ്രൂപ്പില്‍ ധാരണ. പരസ്യ പ്രതികരണം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി വേദികളില്‍ പരാതി അറിയിക്കാനും തീരുമാനമുണ്ട്. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല നേതാക്കളുമായി കൂടിയാലോചന നടത്തിയെന്നാണ് വിവരം. ഹൈക്കമാന്‍ഡ് നിലപാടിന് വേണ്ടി കാത്തിരിക്കുകയാണ് ഐ ഗ്രൂപ്പ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും പരാതി നല്‍കാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം.
അതേസമയം യൂത്ത് കോണ്‍ഗ്രസില്‍ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ മാര്‍ഗമാലോചിക്കുകയാണ് നേതൃത്വം. അബിന്‍ വര്‍ക്കിയേയും, കെ.എം അഭിജിത്തിനെയും അനുനയിപ്പിക്കാന്‍ നേതൃത്വത്തിന് ആയിട്ടില്ല. കെ സി വേണുഗോപാലിന് എതിരെ പരാതിയുമായി നേതാക്കള്‍ തന്നെ നേരിട്ട് രംഗത്തെത്തിയതും തിരിച്ചടിയാണ്.സംസ്ഥാന അധ്യക്ഷനായി ഒ.ജെ ജനീഷിനെ അംഗീകരിച്ചാലും വര്‍ക്കിംഗ് പ്രസിഡന്റായി ബിനു ചുള്ളിയിലിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. നേതാക്കള്‍ തമ്മില്‍ തിരക്കിട്ട കൂടിയാലോചനകളും സജീവമാണ്. കൂടുതല്‍ കടുത്ത നിലപാടുകളിലേക്ക് നേതാക്കള്‍ പോകുമോ എന്നും ആശങ്കയുണ്ട്. അതിനിടയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ഭാരവാഹികള്‍ ഉടന്‍ ചുമതലയേല്‍ക്കും.
ഈയൊരു നിര്‍ണായക സമയത്ത് പാര്‍ട്ടിക്കുള്ളില്‍ ഒരു പൊട്ടിത്തെറിയുണ്ടായാല്‍ തദ്ദേശ തിരഞ്ഞെടുപ്പിനേയും നിയമസഭാ തിരഞ്ഞെടുപ്പിനേയും അത് ബാധിച്ചേക്കുമെന്നതിനാല്‍ ജാഗ്രതയോടെയാണ് നേതൃത്വം മുന്നോട്ടുപോകുന്നത്. കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം വോട്ട് ലഭിച്ച ആളെന്ന നിലയില്‍ അബിന്‍ വര്‍ക്കി അടുത്ത പ്രസിഡന്റായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. അബിന്‍ വര്‍ക്കിയെ അധ്യക്ഷനാക്കാത്തത് ഐ ഗ്രൂപ്പിനേറ്റ വലിയ പ്രഹരമാണ്. സംഘടനയുടെ കേന്ദ്ര സെക്രട്ടറി സ്ഥാനം അബിന്‍ ഏറ്റെടുക്കാതിരിക്കുകയും സാധാരണ അംഗമായി പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.