തുലാവർഷം ഇക്കുറി തകർക്കും! തുടക്കം തന്നെ ചക്രവാതചുഴി, ഒപ്പം അറബികടലിൽ ന്യൂനമർദ്ദവും..
കേരളത്തിൽ ഇക്കുറി തുലാവർഷം തുടക്കത്തിൽ തന്നെ കനക്കാൻ സാധ്യത. തുലാവർഷത്തിന്‍റെ തുടക്കത്തിൽ തന്നെ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് അറബിക്കടലിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നതും മഴ കനക്കാനുള്ള സാധ്യതയാണ് സൃഷ്ടിക്കുന്നത്. ബംഗാൾ ഉൾകടലിന് മുകളിൽ നിലവിലുള്ള ചക്രവാത ചുഴി അറബിക്കടലിൽ കേരള, തെക്കൻ കർണാടക തീരത്തിന് സമീപം ഞായറാഴ്ചയോടെ എത്തിച്ചേർന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ അടുത്ത 5 ദിവസവും കേരളത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ ജാഗ്രത നിർദ്ദേശിച്ചിട്ടുണ്ട്. ഇത് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.