കേരള-മഹാരാഷ്ട്ര രഞ്ജി പോരാട്ടത്തിന് നാളെ തുടക്കം….സഞ്ജു സാംസണ്‍ വീണ്ടും ക്രീസിലേക്ക്….
തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ പുതിയ സീസണ് ബുധനാഴ്ച തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയാണ് കേരളത്തിന്‍റെ എതിരാളി. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കാനുറച്ചാണ് കേരള ടീം പുതിയ സീസണായി തയ്യാറെടുക്കുന്നത്. മൊഹമ്മദ് അസറുദ്ദീൻ നയിക്കുന്ന ടീമിൽ സൂപ്പർ താരം സഞ്ജു സാംസണുമുണ്ട്. മത്സരം ജിയോ ഹോട്ട് സ്റ്റാറില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
കേരളത്തെ സംബന്ധിച്ച് രഞ്ജി ട്രോഫിയിലെ ഏറ്റവും മികച്ച സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. ഒറ്റ മത്സരത്തിൽ പോലും തോൽവി വഴങ്ങാത്തൊരു സീസൺ. ഫൈനലിൽ കിരീടം കൈവിട്ടെങ്കിലും ആദ്യ ഇന്നിങ്സ് ലീഡിന്‍റെ മികവിലായിരുന്നു വിദർഭ ജേതാക്കളായത്. കർണ്ണാടകയും പഞ്ചാബും ഹരിയാനയും മധ്യപ്രദേശും അടക്കമുള്ള കരുത്തന്മാരുടെ ഗ്രൂപ്പിൽ നിന്നായിരുന്നു രണ്ടാം സ്ഥാനക്കാരായി കേരളം നോക്കൗട്ടിലേക്ക് മുന്നേറിയത്.