‘കയ്യിലുണ്ടായിരുന്ന പണം നഷ്ടമായി, കിടക്കാനൊരിടം തരണം’; പൊലീസ് സ്റ്റേഷനിൽ അഭയം തേടിയെത്തി 40 വയസുകാരൻ, ആളെപ്പറ്റി അന്വേഷിച്ചപ്പോൾ കള്ളി വെളിച്ചത്ത്.
കയ്യിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടെന്നും കിടക്കാൻ സ്ഥലം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് സ്റ്റേഷനിൽ എത്തിയ ആളെക്കുറിച്ച് അന്വേഷിച്ച പൊലീസുകാർ ഞെട്ടി. സ്റ്റേഷനിലേക്ക് എത്തിയത് ഒരു മോഷണക്കേസ് പ്രതിയായിരുന്നു എന്നതാണ് ഈ ഞെട്ടലിന് കാരണം. ജനമൈത്രി പൊലീസിനെ ഒന്ന് വട്ടം ചുറ്റിച്ചേക്കാം എന്ന് കരുതിയാകും മോഷ്ടാവ് സ്റ്റേഷനിലേക്ക് തന്നെ അഭയം തേടി എത്തിയത്. മാനന്തവാടി പൊലീസ് സ്റ്റേഷനിൽ ആയിരുന്നു സംഭവം. എം.ടി. ഷബീറിനെ (40)യാണ് പൊലീസ് പിടികൂടിയത്.
ആളുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നിയ ജിഡി ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ മനു അഗസ്റ്റിന് ഷബീറിന്റെ കയ്യിൽ കണ്ട പഴ്സിൽ നിന്ന് ആധാർ കാർഡ് ലഭിച്ചു. അതിലെ മേൽവിലാസം കണ്ണൂർ കണ്ണപുരമായിരുന്നു. തുടർന്ന് ആളെപ്പറ്റി കണ്ണപുരം പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ ഇയാൾ തങ്ങൾ അന്വേഷിക്കുന്ന മോഷണക്കേസിലെ പ്രതിയാണെന്നായിരുന്നു ലഭിച്ച മറുപടി. കണ്ണപുരത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ അതിക്രമിച്ചു കയറി ഇലക്ട്രിക് സാമഗ്രികൾ മോഷ്ടിച്ച ശേഷമാണ് ഷബീർ ഒളിവിൽ പോയത്.
ഇൻസ്പെക്ടർ എസ്എച്ച്ഒ പി. റഫീഖിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തപ്പോൾ ഷബീർ കുറ്റം സമ്മതിച്ചു. തുടർന്ന് കണ്ണപുരം പൊലീസെത്തി ഇയാളെ കൊണ്ടുപോയി. സിവിൽ പൊലീസ് ഓഫീസർമാരായ ഷിന്റോ ജോസഫ്, എ.ബി. ശ്രീജിത്ത് തുടങ്ങിയ ഉദ്യോഗസ്ഥരും നടപടികളുടെ ഭാഗമായിരുന്നു.