‘റോഡ് റോളർ കയറ്റി നശിപ്പിക്കണം’.. കടുപ്പിച്ച് മന്ത്രി ഗണേഷ്കുമാര്.. വിചിത്ര നിര്‍ദ്ദേശങ്ങൾ…
ബസുകളിലെയടക്കം എയര്‍ഹോണുകള്‍ക്കെതിരെ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെബി ഗണേഷ്കുമാര്. എയര്‍ഹോണുകള്‍ പിടിച്ചെടുക്കുന്നതിനായി സ്പെഷ്യൽ ഡ്രൈവ് നടത്തുന്നതിനായി നിര്‍ദ്ദേശം നൽകി. വിചിത്ര നിര്‍ദ്ദേശങ്ങളോടെയാണ് സ്പെഷ്യൽ ഡ്രൈവിനുള്ള ഉത്തരവിറക്കിയിരിക്കുന്നത്. പിടിച്ചെടുക്കുന്ന എയര്‍ഹോണുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നിൽ പ്രദര്‍ശിപ്പിക്കണം. ഇതിനുശേഷം റോഡ് റോളര്‍ കയറ്റി എയര്‍ഹോണുകള്‍ നശിപ്പിക്കണമെന്നുമാണ് ഉത്തരവിലുള്ളത്.
വിവിധ ജില്ലകളിൽ എയര്‍ഹോണ്‍ ഉപയോഗം വ്യാപകമാണെന്നും ഉദ്യോഗസ്ഥര്‍ സ്പെഷ്യൽ ഡ്രൈവിലൂടെ പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് നിര്‍ദ്ദേശം. വാഹനങ്ങളിലെ എയര്‍ഹോണ്‍ പിടിച്ചെടുക്കാൻ ഈ മാസം 13 മുതൽ 19വരെയാണ് സ്പെഷ്യൽ ഡ്രൈവിന് മന്ത്രി നിര്‍ദ്ദേശം നൽകിയത്.