ലഹരിമാഫിയയുമായി ബന്ധം; റാന്നി സ്റ്റേഷനിലെ സി.പി.ഒയ്ക്ക് സസ്പെൻഷൻ
ലഹരിമരുന്ന് കേസുകളിലെ പ്രതികളുമായി നിരന്തരമായി ബന്ധം പുലർത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലയിലെ റാന്നി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ. സി.പി.ഒ. മുബാറക്കിനെയാണ് ജില്ലാ പോലീസ് സൂപ്രണ്ട് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
ലഹരിക്കടത്ത്, വിപണനം എന്നിവ തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള ഡാൻസാഫ് ടീമിൽ അംഗമായിരുന്നു മുബാറക്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടേണ്ട ഒരു ഉദ്യോഗസ്ഥൻ തന്നെ ഇത്തരം ക്രിമിനൽ കേസുകളിലെ പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയത് ഗുരുതരമായ കൃത്യവിലോപമായാണ് കണക്കാക്കുന്നത്.
നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. നടത്തിയ അന്വേഷണത്തിൽ ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്.പി. അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ പശ്ചാത്തലമുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നത് സേനയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുമെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് ഉടനടി സസ്പെൻഷൻ നൽകിയത്. സംഭവത്തിൽ കൂടുതൽ വകുപ്പുതല അന്വേഷണം നടക്കാൻ സാധ്യതയുണ്ട്.